കോട്ടയം: 'ഒരു വേദി തരൂ, കഞ്ഞിക്കുടിക്കാനാ പ്ലീസ് ....'കാഥികനും നാടൻ പാട്ടുകാരനുമായ കോട്ടയം തങ്കപ്പൻ കലാ കേരളത്തിന് മുന്നിൽ കൈനീട്ടുകയാണ്.

കൊല്ലം ബാബു, വി.ഡി .രാജപ്പൻ തുടങ്ങിയ പ്രശസ്ത കാഥികർക്കൊപ്പം പ്രവർത്തിക്കുകയും വർഷങ്ങളോളം സ്വന്തമായി കഥപറയുകയും ചെയ്തിട്ടുണ്ട് തങ്കപ്പൻ. കലാകേരളം കഥാപ്രസംഗത്തോട് മുഖം തിരിച്ചതോടെ നാടൻപാട്ടിലേക്കു ചുവട് മാറ്റിയെങ്കിലും അവി‌ടെയും പിടിച്ചു നിൽക്കാൻ വിഷമിക്കുകയാണ് ഈ കലാകാരൻ. വി.ഡി.രാജപ്പനെ കഥ പറയാൻ പഠിപ്പിച്ചത് താനാണെന്നാണ് തങ്കപ്പന്റെ അവകാശ വാദം. ഹാസ്യകഥ കഥാപ്രസംഗ രൂപത്തിലേയ്ക്കു മാറ്റുന്നതിനു തു‌ടക്കം കുറിച്ചത് തങ്കപ്പനാണ്. നാലു വർഷം രാജപ്പനൊപ്പവും ആറ് വർഷം കൊല്ലം ബാബുവിനൊപ്പവും പിന്നണിയിൽ പ്രവർത്തിച്ചു .

തങ്കപ്പന്റെ പിതാവ് കൃഷ്ണനും കാഥികനായിരുന്നു . പന്ത്രണ്ടാം വയസിൽ പിതാവാണ് കഥാ പ്രസംഗരംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. ഫാ.വടക്കന്റെ നോഹയുടെ പെട്ടകം, കെടാമംഗലത്തിന്റെ ചന്ദനക്കട്ടിൽ, അഭിമന്യൂ, പൂജയ്ക്കെടുക്കാത്ത പൂക്കൾ തുടങ്ങിയ കഥകൾ അവതരിപ്പിച്ച് ശ്രദ്ധേയനായി. കഥാപ്രസംഗം കൊണ്ട് മൂന്നു പെൺമക്കളെ പഠിപ്പിച്ചു. രണ്ട് പേരെ വിവാഹം ചെയ്തയച്ചു. ഇന്ന് എഴുപതുവയസോട് അടുക്കുമ്പോഴും കഥ പറയാൻ മനസുണ്ട്. കേൾക്കാൻ ആളില്ല. അതിനാൽ നാടൻ പാട്ടിലേക്ക് ഇടക്കാലത്ത് തിരിഞ്ഞു. ന്യൂജെൻ സംഘങ്ങൾ നാടൻപാട്ടുവേദി കൈയടക്കിയതോടെ അവിടെയും രക്ഷയില്ലാതായി.

വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ അനുമതി പത്രം വേണമെന്ന നിബന്ധന മൂലം സ്കൂളുകളിൽ പോലും പരിപാ‌ടി അവതരിപ്പിക്കാൻ കഴിയുന്നില്ല. ഡി.ഡി അംഗീകരിക്കണമെങ്കിൽ കലാകാരനെന്നു തെളിയിക്കണം.

'അവശ കലാകാര പെൻഷനായി പല രാഷ്ടീയക്കാരുടെയും പിറകേ നടന്നു .ഇനി കാണാൻ ആരുമില്ല . അക്കാഡമി അംഗീകരിച്ച രേഖ വേണം. എന്റെ കൈയിൽ ഈ രേഖ മാത്രമേയുള്ളൂ". ഇരുകൈകളും നിവർത്തിക്കാട്ടി തങ്കപ്പൻ ചിരിക്കുന്നു. കണ്ണീരിൽ ചാലിച്ച ചിരി.