തലയോലപ്പറമ്പ്: മറവൻതുരുത്ത് പഞ്ചായത്തിലെ ആറ്റുവേലക്കടവിനേയും ഉദയനാപുരം പഞ്ചായത്തിലെ വൈക്ക പ്രയാറിനേയും ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിന് കുറുകെ പാലം നിർമ്മിക്കണമെന്നാവശ്യം വീണ്ടുംശക്തമാകുന്നു. ഇവിടെ പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് അഞ്ച് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാലം ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷ കൈവിടാതെയാണ് ഇരു കരകളിലേയും നിവാസികൾ കഴിയുന്നത്. മറവൻതുരുത്ത് പഞ്ചായത്തിലെ 10ാം വാർഡിലെ ആറ്റുവേലക്കടവ് മൂഴിക്കൽ റോഡും ഉദയനാപുരം പഞ്ചായത്തിലെ 5, 6 വാർഡുകൾ സംഗമിക്കുന്ന വൈക്ക പ്രയാർ തുറുവേലിക്കുന്ന് റോഡും കടവിന് അക്കരെ ഇക്കരെ എത്തി നിൽക്കുകയാണ്. ഉദയനാപുരം പഞ്ചായത്തിലെ വല്ലകം, തുറുവേലിക്കുന്ന്, പുളിഞ്ചുവട്, നാനാടം,ഇരുമ്പുഴിക്കര, നേരെ കടവ് ,തേനാമിറ്റം ഭാഗങ്ങളിലുള്ളവർക്ക് മറവൻതുരുത്ത്, ചെമ്പ് പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിലേക്ക് വന്ന് പോകുന്നതിന് പാലം യാഥാർഥ്യമായാൽ എളുപ്പമാർഗം തുറക്കും. പതിറ്റാണ്ടുകളായി പ്രദേശവാസികൾ പാലത്തിനായി ആവശ്യമുന്നയിച്ചതിന്റെ ഫലമായി രണ്ട് പതിറ്റാണ്ട് മുൻപ് പുഴയ്ക്കു കുറുകെ 54 മീറ്റർ വീതിയിൽ പാലംനിർമ്മിക്കുന്നതിന് ശ്രമം നടന്നിരുന്നു. പിന്നീട് അതിന്റെ തുടർ നടപടികൾ ഉണ്ടാകാത്തതിനാൽ നിർമ്മാണം നടക്കാതെ പോകുകയായിരുന്നു. അഞ്ച് പതിറ്റാണ്ടുകളായി ഇവിടെ പൊതുമരാമത്ത് വകുപ്പ് നടത്തുന്ന കടത്തിനെ ആശ്രയിച്ചാണ് പ്രദേശവാസികൾ മറുകരകടക്കുന്നത്.സന്ധ്യയോടെ കടത്ത് അവസാനിച്ചാൽ പിന്നീട് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ച് വേണം മറുകരയെത്താൻ.അപകടമോ,അത്യാഹിതമോ സംഭവിച്ചാൽ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും ഏറെ താമസം നേരിടുന്നു.കഴിഞ്ഞ ദിവസം ആറ്റുവേലക്കടവിൽ കുളിക്കാനിറങ്ങിയ ഇടക്കൊച്ചി സ്വദേശി വെള്ളത്തിൽ മുങ്ങി മരിച്ചിരുന്നു. പാലം ഇല്ലാത്തതിനാൽ ഫയർഫോഴ്‌സും സ്‌കൂബാ അംഗങ്ങളും അടക്കമുള്ളവർ സംഭവസ്ഥലത്തെത്താൻ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ടി വന്നതിനാൽ അന്ന് രക്ഷാപ്രവർത്തനം ഏറെ വൈകിയാണ് ആരംഭിക്കാനായത്. ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടാകുമ്പോഴും അവിടെ എല്ലാം തടസ്സമാകുന്നത് പാലം ഇല്ലയ്മയാണ്. ഇരു പഞ്ചായത്തുകളിലേയും കടവുകളുമായി ബന്ധപ്പെട്ട് റോഡുകളുള്ളതിനാൽ പാലം യാഥാർത്ഥ്യമായാൽ രണ്ടു പഞ്ചായത്തുകളിലേയും വികസനത്തിന് ആക്കം കൂടുമെന്ന് പ്രദേശവാസികൾ പറയുന്നു.ദക്ഷിണേന്ത്യയിലെ തന്നെ പ്രശസ്ത ജലോത്സവമായ വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേല ആരംഭിക്കുന്നത് ആറ്റുവേലക്കടവിൽ നിന്നാണ്. വിദേശികൾ ഉൾപ്പടെ ആയിരങ്ങളാണ് ആറ്റുവേല ദർശിക്കുന്നതിനായി പഴയുടെ ഇരുകരകളിലുമായി എത്തുന്നത്. പാലം യാഥാർത്ഥ്യമായാൽ വിനോദ സഞ്ചാര മേഖലക്കും പ്രദേശവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ഏറെ ഗുണകരമാകും. ചിരകാല സ്വപ്നമായ വൈക്കപ്രയാർ ആറ്റുവേലക്കടവ് പാലം യാഥാർഥ്യമാക്കാൻ അധികൃതർ നടപടി ത്വരിതപ്പെടുത്തണമെന്ന് ആവശ്യം ശക്തമാണ്.
* ഉദയനാപുരം, മറവൻതുരുത്ത്, ചെമ്പ് പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിൽ ഉള്ളവർക്ക് യാത്രാമാർഗ്ഗം എളുപ്പമാകും.
*പുഴയുടെ ഇരുകരകളിലുമായി ആറ്റുവേലക്കടവ് മൂഴിക്കൽ റോഡ്, വൈക്ക പ്രയാർ തുറുവേലിക്കുന്ന് റോഡ് എന്നിവ എത്തിനിൽക്കുന്നു.
* പാലം വേണമെന്ന ആവശ്യത്തിന് അഞ്ച് പതിറ്റാണ് പഴക്കം.
* കടത്ത് സമയം കഴിഞ്ഞാൽ പ്രദേശവാസികൾ വീടെത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കണം.
* പാലം യാഥാർത്ഥ്യമായാൽ മറവൻതുരുത്ത് , ഉദയനാപുരം പഞ്ചായത്തുകളുടെ വികസനത്തിനും വിനോദ സഞ്ചാര മേഖലക്കും ഗുണകരം.
* പാലം ഇല്ലാത്തത് അപകടം, അത്യാഹിതം എന്നിവ അടക്കമുള്ള രക്ഷാപ്രവർത്തനത്തിന് താമസം നേരിടുന്നു.