കോട്ടയം : പ്റളയംതകർത്ത കേരളം പുനർനിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ സാദ്ധ്യമായതെല്ലാം ചെയ്തെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ജില്ലയിലെ പ്രളയ ദുരിതാശ്വാസ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ജനങ്ങളുടെ മുൻപാകെ അവതരിപ്പിക്കുന്നതിന് മാമ്മൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച 'ജനകീയം ഈ അതിജീവനം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിൽ പൂർണമായി തകർന്ന 481 വീടുകളിൽ 134 എണ്ണം നിർമ്മാണം പൂർത്തീകരിച്ചു. കെയർ ഹോം പദ്ധതി ഒന്നാം ഘട്ടത്തിൽ 83 വീടുകൾ പൂർത്തീകരിച്ച് താക്കോൽ കൈമാറി. രണ്ടാംഘട്ടത്തിലെ 100 കുടുംബങ്ങൾക്ക് 100 അപ്പാർട്ട്‌മെന്റുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി അകലകുന്നം ഗ്രാമപഞ്ചായത്തിൽ ഉടൻ ആരംഭിക്കും.
പ്രളയത്തിന് ശേഷം നെൽപ്പാടങ്ങളിൽ എട്ടുലക്ഷം മെട്രിക് ടണ്ണാണ് അധികമായി ലഭിച്ചത്. എല്ലാം നഷ്ടപ്പെട്ട കേരളത്തിന് പ്രകൃതി നൽകിയ വരദാനമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്റളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് സഹകരണ സംഘങ്ങൾ കെയർഹോം പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനവും മന്ത്രി നിർവഹിച്ചു. അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡോ. എൻ. ജയരാജ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജെസിമോൾ മനോജ്, നഗരസഭ ചെയർപേഴ്‌സൺ ഡോ.പി.ആർ.സോന, സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, എൻ.സി.പി ജില്ലാ പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷൻ, അഡീഷണൽ എസ്.പി എ.നസീം എന്നിവർ സംസാരിച്ചു. കളക്ടർ പി.കെ. സുധീർബാബു സ്വാഗതവും, എ.ഡി.എം അലക്‌സ് ജോസഫ് നന്ദിയും പറഞ്ഞു
ജില്ലയിൽ ചെലവഴിച്ചതുക
► ഗതാഗതസംവിധാനങ്ങൾക്ക് : 28.81 കോടി
► വൈദ്യുതി മേഖലയിൽ : 7.23 കോടി
► മത്സ്യമേഖലയിൽ : 80.52 ലക്ഷം
►ക്ഷീരമേഖലയിൽ : 151. 33 ലക്ഷം
►വീടുകളുടെ പുനരുദ്ധാരണം : 68.72 കോടി
► കൃഷി പുനരുജ്ജീവിപ്പിക്കുന്നതിന് : 37.55 കോടി
► സ്‌കൂളുകളിൽ ശൗചാലയങ്ങൾ നിർമ്മിക്കുന്നതിന്: 126.04 ലക്ഷം
► കുമരകത്ത് 16 സ്‌കൂളുകളിൽ ആർ.ഒ.പ്ലാന്റ് സ്ഥാപിക്കുന്നതിന് : 42 ലക്ഷം