കോട്ടയം : രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിൽ മുക്കി. മീനച്ചിലാറും, കൊടൂരാറും ചില സ്ഥലങ്ങളിൽ കരകവിഞ്ഞ് ഒഴുകി തുടങ്ങിയതോടെ ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നാട്ടകത്തും പെരുമ്പായിക്കാടും ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. നാട്ടകം നിർമിതി കോളനി ഹാളിൽ 10 കുടുംബങ്ങളിലെ 50പേരും, പെരുമ്പായിക്കാട് എസ്.എൻ.എൽ.പി.എസ് സ്‌കൂളിൽ 2 കുടുംബത്തിലെ എട്ടുപേരെയുമാണ് പാർപ്പിച്ചിരിക്കുന്നത്.
കുമരകം, തിരുവാർപ്പ്, ഇല്ലിക്കൽ, പതിനാറിൽച്ചിറ പ്രദേശങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. തിരുവാർപ്പ് പഞ്ചായത്തിനും കോട്ടയം നഗരസഭയ്‌ക്കും ഇടയിലുള്ള ചിറ്റടി തടിപ്പാലം ഒഴുകിപ്പോയി. നൂറുകണക്കിന് വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ജലനിരപ്പ് ഇനിയും ഉയരുമെന്ന ഭീതിയെ തുടർന്ന് ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ വാഹനങ്ങളും, അവശ്യ സാധനങ്ങളും ഉയർന്ന സ്ഥലങ്ങളിലെ ബന്ധുവീടുകളിലേയ്‌ക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നാലോടെ അതിരമ്പുഴ - വേദഗിരി റോഡിൽ മാവ് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാസേന മരം മുറിച്ച് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. കാറ്റിൽ ഞീഴൂരിൽ നൂറുകണക്കിന് ഏത്തവാഴയും, കൃഷിയും നശിച്ചു. തേക്ക്, ആഞ്ഞിലി, മരങ്ങളാണ് പല സ്ഥലത്തും കടപുഴകി വീണത്. കാട്ടാമ്പാക്ക് കുറവിലങ്ങാട് റോഡിൽ തേക്കുമരം വീണ് ഗതാഗതം പൂർണമായും തടസപ്പെട്ടു. കനത്ത മഴയിൽ സിഗ്നൽ സംവിധാനം തകരാറിലായത് പല സ്ഥലത്തും ട്രെയിൻ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.