കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരത്തും ലഹരി വിൽപന നടക്കുന്നതായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ കഞ്ചാവ് മാഫിയ സംഘങ്ങൾക്കെതിരെ നടപടി ശക്തമാക്കി പൊലീസും എക്സൈസും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലോട്ടറി വിൽപ്പനക്കാരി കൊല്ലപ്പെടുക കൂടി ചെയ്തതോടെയാണ് ജില്ലാ പൊലീസ് മേധാവി ശക്തമായ നടപടികൾക്ക് നിർദേശം നൽകിയത്. ഒരു മാസം മുൻപ് മെഡിക്കൽ കോളേജ് കോളേജിനു സമീപം കുടമാളൂരിൽ വീടുകൾക്ക് നേരെ കഞ്ചാവ് മാഫിയ സംഘം പെട്രോൾ ബോംബ് ആക്രമണം നടത്തിയിരുന്നു. ഈ മാഫിയ സംഘത്തിലുണ്ടായിരുന്നവർ തന്നെയാണ് പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ പൊലീസും എക്സൈസും നടത്തിയ പരിശോധനയിൽ പ്രദേശത്തു നിന്നും പല തവണയായി ഇരുപതിലേറെ കുട്ടികളെ കഞ്ചാവ് ഉപയോഗിച്ചതിന് പിടികൂടുയും ചെയ്തിരുന്നു. എന്നാൽ, ഈ പ്രദേശത്തെ കഞ്ചാവ് മാഫിയ സംഘത്തിലെ പ്രധാനികളായ ഗുണ്ടാ സംഘത്തലവൻമാരെ ഇതുവരെയും പിടികൂടാൻ പൊലീസിനു സാധിച്ചിട്ടില്ല. കഞ്ചാവ് സംഘത്തെ അമർച്ച ചെയ്യാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.