അടിമാലി: മഴ കനക്കുന്തോറും അടിമാലി മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണി ഏറുകയാണ്. വെള്ളിയാഴ്ച രാത്രിയിൽ മണ്ണിടിഞ്ഞ് അടിമാലി മന്നാങ്കാല ആന്റണി പടപ്പുരക്കലിന്റെ വീട് അപകടത്തിലായി. അന്റണിയുടെ വീടിന്റെ മുൻഭാഗം ഇടിഞ്ഞ് സമീപവാസിയായ പുനത്തിൽ ഈശപ്പന്റെ വീടിന് മുകളിലേക്ക് പതിച്ചു. ഈ വീടിന്റെ അടുക്കളയും ശുചിമുറിയും വരാന്തയും തകർന്നു. തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് ഈശപ്പൻ രക്ഷപ്പെട്ടതെന്ന് ഭാര്യ സൂസമ്മ പറഞ്ഞു. സമാനസംഭവത്തിൽ മങ്ങാട്ട് ഹുസൈന്റെ വീടും സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. അടിമാലി എട്ട് മുറിയിൽ വീടിന്റെ മുറ്റമിടിഞ്ഞ് മുണ്ടിക്കുടിയിൽ മിനിയുടെ വീട് അപകടാവസ്ഥയിലായി. റോഡ് നിർമ്മാണത്തിനായി മിനിയുടെ വീടിന് സമീപത്തു നിന്ന് കഴിഞ്ഞ ദിവസം മണ്ണ് നീക്കം ചെയ്തിരുന്നു. ഈ ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മൂന്ന് ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് കല്ലാർകുട്ടി, ആനവിരട്ടി തുടങ്ങിയ പ്രദേശങ്ങളിലും ചെറിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായി. അതേ സമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷാ ഭീഷണി നേരിടുന്ന കുടുംബങ്ങളോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടിമാലി വില്ലേജ് ഓഫീസർ വിബി ജയൻ പറഞ്ഞു.