പള്ലിക്കത്തോട്: സർക്കാർ ആശുപത്രിയിൽ ചെന്ന് ചികിത്സ തേടണമെങ്കിൽ ബസ് സ്റ്റാൻഡിൽ നിന്ന് നടക്കേണ്ടത് മൂന്ന് കിലോമീറ്റർ, ഓട്ടോറിക്ഷയിൽ യാത്ര ചെയ്‌താൽ കൊടുക്കേണ്ടത് 100 രൂപയോളം...ഗ്രാമപഞ്ചായത്ത് ആസ്ഥാനത്തുനിന്ന് 3 കിലോമീറ്റർ അകലെ കല്ലാടംപൊയ്കയിൽ സ്ഥിതിചെയ്യുന്ന പള്ളിക്കത്തോട് പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെത്താനുള്ള മാർഗത്തെക്കുറിച്ചാണ് പറയുന്നത്. വില്ലേജ് ആഫീസ്, പഞ്ചായത്ത് കാര്യാലയം, മജിസ്ട്രേറ്റ് കോടതി, ബ്ലോക്ക് പഞ്ചായത്ത് ആഫീസ്, ട്രഷറി, പൊലീസ് സ്റ്റേഷൻ, കെ.എസ്.ഇ.ബി ആഫീസ്, കുടുംബശ്രീ, അക്ഷയകേന്ദ്രം തുടങ്ങി മൃഗാശുപത്രിവരെ സാധാരണക്കാർ ആശ്രയിക്കുന്ന സകല സ്ഥാപനങ്ങളുമുള്ള പള്ളിക്കത്തോട് ടൗണിൽ പ്രാഥമികാരോഗ്യകേന്ദ്രം മാത്രം എത്തിപ്പെടാൻ പാടുപെടുന്നയിടത്ത് സ്ഥാപിച്ചെന്ന് ചോദിച്ചാൽ ആർക്കും ഉത്തരമില്ല. ഇതുമൂലം വലയുന്നതോ സാധാരണക്കാരായ രോഗികളും ! അടിസ്ഥാന സൗകര്യങ്ങളുള്ള നല്ലൊരു കെട്ടിടവും ഒരു ഡോക്ടർ ഉൾപ്പെടെ അത്യാവശ്യത്തിന് ജീവനക്കാരും മരുന്നുമുള്ള ആശുപത്രിയിൽ എങ്ങനെയെങ്കിലും എത്തിപ്പെടുന്ന രോഗികൾക്ക് നല്ല ചികിത്സ ലഭിക്കാറുണ്ടെങ്കിലും ഇവിടെ എത്തണമെങ്കിൽ രോഗികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എത്രയോ വലുതാണ്. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്ന് പള്ളിക്കത്തോട് ടൗണിൽ എത്താൻ ആവശ്യത്തിന് ബസ് സർവീസുകളുണ്ടെങ്കിലും ഈ ഭാഗത്തേയ്ക്ക് ആകെയുള്ളത് ഒരു സ്വകാര്യ ബസാണ്. ഒരു പെട്ടിക്കടപോലും ഇല്ലാത്ത പ്രദേശത്താണ് ആശുപത്രി പ്രവർത്തിക്കുന്നത്. ഈ കാര്യത്തിൽ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 ആശുപത്രിക്കുമുണ്ട് പരിമിതികൾ

 ആശുപത്രിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ കേടായിട്ട് ഒരുമാസത്തിലേറെയായി

 സ്റ്റാഫ് നഴ്സിന്റെ പോസ്റ്റ് അനുവദിച്ചിട്ടില്ല

 ഒ.പി. സൗകര്യം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം

 ആകെയുള്ളത് ഒരു സ്വകാര്യ ബസ്

രാവിലെ 11. 15നും, ഉച്ചക്ക് 2.15നും കോട്ടയത്തുനിന്ന് പള്ളിക്കത്തോട്ടിലേക്കും 11.45 നും, 2.50 നും തിരിച്ച് കോട്ടയത്തേക്കും പോകുന്ന ഒരു സ്വകാര്യബസ് മാത്രമാണ് ആശുപത്രിയുടെ മുമ്പിലൂടെയുള്ള ഏക പൊതുഗതാഗത സംവിധാനം.

രാവിലെ 9 മുതൽ ഉച്ചക്ക് 3 വരെയാണ് ഒ.പി വിഭാഗം പ്രവർത്തിക്കുന്നത്.