അടിമാലി: പഞ്ചായത്തിന് കീഴിലെ ആധുനിക പൊതുശ്മശാനത്തിന്റെ മുറ്റത്ത് കൂമ്പാരമായി മാറിയ മാലിന്യം നീക്കാതെ ശ്മശാനം സൗന്ദര്യവത്കരിക്കാൻ പണം അനുവദിച്ച് ഭരണസമിതി. അഞ്ച് ലക്ഷം രൂപയാണ് ആധുനിക പൊതുശ്മശാനത്തിന്റെ സൗന്ദര്യവത്കരണത്തിനായി അടിമാലി പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ പ്രധാന നേട്ടങ്ങളിലൊന്നാണ് കൂമ്പൻപാറയിലെ ശാന്തികവാടമെന്ന ആധുനിക പൊതുശ്മശാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് പറഞ്ഞു. ശ്മശാനത്തിന് സമീപം പൂന്തോട്ടമടക്കമുള്ള സൗന്ദര്യവത്കരണ ജോലികള്‍ നടത്താനാണ് പഞ്ചായത്ത് ഭരണസമതി ലക്ഷ്യമിട്ടിട്ടുള്ളത്. അതേ സമയം ശമ്ശാനത്തിന്റെ മുറ്റത്ത് പഞ്ചായത്ത് തന്നെ കൊണ്ടിറക്കിയ മാലിന്യ കൂമ്പാരം അങ്ങനെ തന്നെ കിടക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കാനെന്ന പേരില്‍ ശ്മശാന മുറ്റത്ത് കൊണ്ടിറക്കിയത്. മാസങ്ങൾ പിന്നിട്ടിട്ടും മാലിന്യം നീക്കം ചെയ്യാത്തതിനെതിരെ പ്രതിഷേധം തുടരുന്നതിനിടയിലാണ് സൗന്ദര്യവത്കരണത്തിനായി വീണ്ടും തുക അനുവദിച്ചുകൊണ്ട് പഞ്ചായത്ത് മുമ്പോട്ട് പോകുന്നത്.