പാലാ : മാനം കറുത്താൽ പുന്നത്തുറ പേരുക്കുന്നേൽ രാജപ്പന്റേയും ഭാര്യ തുളസിയുടേയും മൂന്നു പെൺമക്കളുടേയും ഉള്ളിൽ തീമഴയാണ്. കിടപ്പാടം വെള്ളത്തിലാവും. ഗൃഹപ്രവേശം കഴിഞ്ഞ് മൂന്നാംനാൾ വീട്ടിനുള്ളിൽ ആറാട്ടു നടത്തിയ പുഴ വെള്ളം പിന്നെ പതിവു തെറ്റിച്ചിട്ടേയില്ല. ആണ്ടിൽ ആറു മാസം കരയിലും, ആറു മാസം വെള്ളത്തിലും കഴിയുന്ന അപൂർവ കുടുംബം ! കൈയിൽ കിട്ടുന്ന സാധനങ്ങളുമെടുത്ത് വെള്ളത്തിന് വഴിമാറി കൊടുക്കുകയേ നിവൃത്തിയുള്ളൂ. റോഡിനോടു ചേർന്ന് ഒരു പടുത വലിച്ചുകെട്ടി, അതിനു കീഴെ തലചായ്ക്കും. വെള്ളമിറങ്ങി തിരികെ വീട്ടിലെത്തുമ്പോൾ മുട്ടൊപ്പം ചെളിയുണ്ടാകും. അതിഥികളായി ഇഴജന്തുക്കളും. എല്ലാം വൃത്തിയാക്കാൻ ആഴ്ചകളെടുക്കും.
ബിരുദത്തിനും, ടി.ടി.സിയ്ക്കും. ഐ.ടി.ഐക്കും പഠിക്കുന്ന കുട്ടികളുടെ ബുക്കുകളും പുസ്തകങ്ങളും വെള്ളം കയറി നിരവധിതവണ നശിച്ചിട്ടുണ്ട്. റേഷൻ കാർഡും, ആധാർ കാർഡും ഉൾപ്പെടെയുള്ള രേഖകൾ ഒഴുകിപ്പോയി. എന്തു ചെയ്യണം, ആരോട് പറയണം എന്നറിയാതെ നിലയില്ലാ കയത്തിലാണ് രാജപ്പനും കുടുംബവും. ഇപ്പോൾ വീട്ടിനുള്ളിൽ അരയൊപ്പം വെള്ളമുണ്ട്. പള്ളം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച തുക കൊണ്ടാണ് മീനച്ചിലാറും, പന്നഗം തോടും അതിരിടുന്ന തിരുവമ്പാടി കമ്പനിപ്പടി റോഡരികിൽ 12 വർഷം മുൻപ് രാജപ്പൻ ചെറിയൊരു വീട് പണിതത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പണികൾ തീർക്കാനായില്ല.
റോഡിന്റെ താഴ്ചയിലാണ് വീട്. സമീപത്തായി വലിയ കുഴിയുണ്ട്. വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം വീടിന്റെ പൂമുഖത്തെത്തും. സ്ഥലം വിറ്റു പോകാമെന്നു വച്ചാൽ വെള്ളം കയറുന്ന വീടെന്ന പേരുള്ളതിനാൽ വാങ്ങാനുമാളില്ല. പ്രളയ ജീവിതത്തിന് അറുതി തേടി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ , മോൻസ് ജോസഫ്, ജില്ലാ കളക്ടർ എന്നിവരെ സമീപിക്കാനൊരുങ്ങുകയാണ് രാജപ്പനും കുടുംബവും.