പാലാ : രാമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പുതിയ ബഹുനില മന്ദിരം ഉദ്ഘാടനത്തിന് ഒരുങ്ങി. നബാർഡിന്റെ ഫണ്ടിൽ നിന്നു 10.5 കോടി രൂപ ചെലവഴിച്ചാണ് അഞ്ചുനില മന്ദിരം പണിതുയർത്തിയത്. ആദ്യത്തെ രണ്ടു നിലകളിലാണിപ്പോൾ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. പഴയ ആശുപത്രിയിൽ ഇനി പൊതുജനാരോഗ്യ വിഭാഗം പ്രവർത്തിക്കും. ദിവസം 300 മുതൽ 400 വരെ രോഗികൾ ഒ.പി. വിഭാഗത്തിൽ ചികിത്സ തേടി എത്തുന്ന ഇവിടെ 30 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്നത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. ആശുപത്രി അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ ജോസ്.കെ.മാണി എം.പി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം അനിതാ രാജു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ എന്നിവർ പ്രസംഗിക്കും.

ഒന്നാം നിലയിൽ

ഒ.പി വിഭാഗം

കാഷ്വാലിറ്റി

ഫാർമസി

ലാബ്

ഗ്രൗണ്ട് ഫ്ലോറിൽ

വാഹന പാർക്കിംഗ്

ഒ.പി ടിക്കറ്റ് കൗണ്ടർ

''

ജില്ല -ബ്ലോക്ക് പഞ്ചായത്തുകളുടേയും രാമപുരം ഗ്രാമപഞ്ചായത്തിന്റെയും ഉദാരമായ സഹായ പദ്ധതികൾ ആശുപത്രിയുടെ വികസനത്തിനു മുതൽക്കൂട്ടായിട്ടുണ്ട്.

ഡോ.മനോജ് പ്രഭ, മെഡിക്കൽ ഓഫീസർ

ഇനി വെല്ലുവിളിയുടെ നാളുകൾ
ആശുപത്രിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വെല്ലുവിളികൾ ഏറെയുണ്ട്. ഡോക്ടർമാരുൾപ്പെടെ വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പ്രധാന പ്രശ്നം. നിലവിൽ എൻ.ആർ.എച്ച്.എമ്മിൽ നിന്ന് നിയോഗിക്കപ്പെട്ടതുൾപ്പെടെ മൂന്നു ഡോക്ടർമാരുടെ സേവനമാണുള്ളത്. രാത്രിയിലാകട്ടെ ഡോക്ടർമാറില്ല. ഏതെങ്കിലും ഒരു ഡോക്ടർ അവധിയിൽ പോയാൽ ആകെ കുഴയും. മെഡിക്കൽ ഓഫീസർ ഡോ. മനോജ് പ്രഭയ്ക്കാകട്ടെ ഭരണനിർവഹണ ചുമതലയുമുണ്ട്. 2 ഹെഡ് നഴ്‌സുമാരും 6 നഴ്‌സുമാരുമാണുള്ളത്. ഫാർമസിയിൽ ഒരാൾ മാത്രം. ലാബ് ജീവനക്കാരുമില്ല.