കോട്ടയം: കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിന്ന് ജില്ല ഒന്നും പഠിച്ചല്ല..! ദുരന്തനിവാരണ അതോറിറ്റി നൽകിയ നിർദേശങ്ങളിൽ 90 ശതമാനവും നടപ്പാക്കിയില്ലെന്നതു തന്നെ അതിനു തെളിവ്. ജൂൺ മാസത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നതൊഴിച്ചാൽ എല്ലാം പഴയപടി തന്നെ.

45 നി‌ർദേശങ്ങളാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എല്ലാ ജില്ലകളിലെയും വിവിധ വകുപ്പുകൾക്ക് നൽകിയത്. വിവിധ വകുപ്പുകളെ കൂട്ടിച്ചേർത്തുള്ള ആലോചനാ യോഗത്തിൽ ഒതുങ്ങി ജില്ലയിലെ പ്രളയ മുന്നൊരുക്ക പ്രവർത്തനങ്ങൾ. ആറുകളുടെയും തോടുകളുടെയും ആഴംകൂട്ടി ഒഴുക്ക് സുഗമമാക്കണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ, മഴയെത്തിയിട്ടും ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പോലും എങ്ങുമെത്തിയിട്ടില്ല. പല തോടുകളിലും ആറുകളിലും ഇപ്പോഴും ചെളിയും മണ്ണും കെട്ടിക്കിടന്ന് ഒഴുക്കുനിലച്ച അവസ്ഥയിലാണ്.

സ്‌കൂളുകൾക്കും പൊതുസ്ഥലങ്ങളിലും സമീപം അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടി നീക്കണമെന്നായിരുന്നു മറ്റൊരു നിർദേശം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തന്നെ മരങ്ങളുടെ പട്ടിക തയ്യാറാക്കി. പക്ഷേ, ഇതു വെട്ടിനീക്കാനുള്ള നടപടികൾ ഫയലുകൾ കടന്ന് എത്തും മുൻപ് മഴയെത്തി. ഇതോടെ മരം വെട്ടിമാറ്റൽ ഏതാണ്ട് അവസാനിക്കുകയായിരുന്നു.

മഴ ശക്തമായാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിന് ആവശ്യമായ സ്ഥലങ്ങൾ കണ്ടെത്തണമെന്നതായിരുന്നു റവന്യു വകുപ്പിനുള്ള പ്രധാന നിർദേശം. മുൻപ് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ച സ്‌കൂളുകളുടെ പട്ടിക കൈയിലുണ്ടായിരുന്നതിനാൽ ഇതിനായി കാര്യമായ പണിയെടുക്കേണ്ടി വന്നില്ല. ക്യാമ്പുകൾ തുറക്കേണ്ടി വന്നാൽ ഭക്ഷണം കരുതി വയ്‌ക്കണമെന്ന നിർദേശവും നടപ്പായിട്ടില്ല.

റോഡുകൾ കുളമായി

നാലു ദിവസം മഴ നീണ്ടു നിന്നതോടെ ജില്ലയിലെ ഗ്രാമീണ മേഖലയിലെ പല റോഡുകളും കുളമായി മാറി. കഴിഞ്ഞ പ്രളയകാലത്ത് തകർന്ന മലയോരമേഖലയിലെ 60 ശതമാനം റോഡുകളുടെയും അറ്റകുറ്റപണികൾ പൂർത്തിയായിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ മറ്റ് റോഡുകൾ കൂടി തകർന്നത്. മഴക്കാലത്തിന് മുന്നോടിയായി റോഡുകൾ അറ്റകുറ്റപണി നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പിന് നിർദേശമുണ്ടായിരുന്നു. എന്നാൽ, പാർലമെന്റ് തിരഞ്ഞെടുപ്പിനെ പഴിപറഞ്ഞ് അറ്റകുറ്റപണികൾ നീട്ടിക്കൊണ്ടു പോവുകയായിരുന്നു.