തലയോലപ്പറമ്പ്: പെരുമഴയത്ത് പെരുവഴിയിൽ തള്ളിയ അഞ്ച് നായക്കുഞ്ഞുങ്ങൾക്ക് ഒടുവിൽ രക്ഷകനായത് മൃഗസ്‌നേഹിയായ പൊതുപ്രവർത്തകൻ. പ്രദേശവാസിയായ ടി.എം സദനാണ് മൂന്ന് ദിവസം മുൻപ് ആരോ പെരുവ ജംഗ്ഷന് സമീപം റോഡരികിൽ ബക്കറ്റിലാക്കി ഉപേക്ഷിച്ച നായക്കുഞ്ഞുങ്ങളെ സംരക്ഷിച്ചത്. ഇതിനിടയിൽ ഒരു കുഞ്ഞിനെ വെള്ളൂർ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ വളർത്തുന്നതിനായി കൊണ്ടുപോയി. സദൻ ഇതിനിടയിൽ നായക്കുഞ്ഞുങ്ങളുടെ വിവരം കാട്ടി ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇന്നലെ ഇത് കണ്ട മൃഗസ്നേഹിയായ തലയോലപ്പറമ്പ് ചെള്ളാങ്കൽ എ.എം അനിയും മകൾ അംബികയും എത്തി നാല് നായക്കുട്ടികളേയും ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് വടയാർ, കോരിക്കൽ, പഴമ്പെട്ടി തുടങ്ങിയ തലയോലപ്പറമ്പിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായപ്പോൾ നൂറ് കണക്കിന് ആളുകളെ ട്രാക്ടറിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുന്നതിനും രക്ഷാപ്രവർത്തനത്തിനും മുൻപന്തിയിൽ നിന്ന യുവാവാണ് അനി. ഇതിന് നിരവധി ആദരവുകളും ലഭിച്ചിട്ടുണ്ട്.