കാഞ്ഞിരപ്പള്ളി : പ്രളയത്തിൽ തകർന്ന പാറത്തോട് പഞ്ചായത്തിലെ പള്ളിപ്പടി ഗ്രേസി സ്മാരക സ്‌കൂളിന് സമീപത്തെ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. നാഷണൽ ഹൈവേയിൽ നിന്നു പുളിമൂട്, പാലപ്ര, ഗ്രേസി മെമ്മോറിയൽ സ്‌കൂൾ എന്നിവടങ്ങളിലേക്കുള്ള ഗതാഗതമാർഗമായിരുന്നു പാലം. ആദ്യകാലത്ത് ഇവിടെയുണ്ടായിരുന്ന തടിപ്പാലത്തിനു പകരം 40 വർഷം മുൻപാണ് കോൺക്രീറ്റ് പാലം നിർമിച്ചത്. പ്രളയകാലത്ത് വെള്ളം കുത്തിയൊഴുകി അടിഭാഗത്തെ കോൺക്രീറ്റ് അടർന്ന് കൈവരികൾ ഒലിച്ചു പോകുകയായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ പ്രളയാനന്തര നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് മാസം കൊണ്ടാണ് പാലത്തിന്റെയും കലുങ്കിന്റെയും നിർമ്മാണം പൂർത്തിയാക്കിയത്. മൂന്നു മീറ്റർ മാത്രം വീതിയുണ്ടായിരുന്ന പഴയ പാലം ജനകീയ പങ്കാളിത്തത്തോടെ സ്ഥലമെടുപ്പ് പൂർത്തീകരിച്ച് ആറ് മീറ്ററാക്കിയാണ് പുതുക്കി പണിതിരിക്കുന്നത്. 25 നാണ് ഉദ്ഘാടനം.