കോട്ടയം: നാലു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ നഗരത്തിന്റെ പടിഞ്ഞാറൻമേഖല ദുരിതത്തിൽ. മഴവെള്ളത്തിൽ ഒരു നടപ്പാലം പൂർണമായും മറ്റൊരു നടപ്പാലം ഭാഗീകമായും തകർന്നതോടെ പടിഞ്ഞാറൻമേഖലയിലെ പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലായി. കാഞ്ഞിരം മലരിക്കൽ ഭാഗത്ത് ചിറ്റടിപാലമാണ് ഒഴുകിയെത്തിയ വെള്ളത്തിൽ തള്ളിപ്പോയത്. ഇതോടെ ഈ പാലത്തിലൂടെ ആളുകൾക്ക് കടന്നു പോകാൻ സാധിക്കാത്ത സ്ഥിതിയായി. സമാനരീതിയിൽ തന്നെയാണ് പതിനഞ്ചിൽക്കടവിലെ നടപ്പാലവും. രണ്ടു പാലത്തിന്റെയും അറ്റകുറ്റപണി മഴക്കാലത്തിന് മുൻപ് പൂർത്തിയാകാത്തതാണ് അപകടത്തിന് കാരണമായത്.
കാഞ്ഞിരം ബോട്ട് ജെട്ടിയ്‌ക്ക് സമീപത്ത് ചിറ്റടിപ്പാലം രണ്ടു വർഷം മുൻപ് നിർമ്മിച്ചതാണ്. മലരിക്കൽ ഭാഗത്ത് താമസിക്കുന്ന ഇരുനൂറിലേറെ ആളുകളാണ് ഈ പാലത്തെ ആശ്രയിച്ച് കഴിയുന്നത്. മലരിക്കൽ ഭാഗത്തെയും കാഞ്ഞിരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഈ പാലമാണ്. കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയിൽ പാലത്തിന്റെ മദ്ധ്യഭാഗം ഇളകിമാറുകയായിരുന്നു. രാവിലെ സ്‌കൂളിൽ പോകുന്ന കുട്ടികൾ അടക്കമുള്ളവർ ഈ പാലത്തെയാണ് ആശ്രയിക്കുന്നത്. പാലത്തിന്റെ മദ്ധ്യഭാഗം തള്ളിപ്പോയതോടെ പാലം പൂർണമായും തകരുമെന്ന ഭീതിയും ഉയർന്നിട്ടുണ്ട്.
രണ്ടു മാസം മുൻപ് പാലം അപകടാസ്ഥയിലാണെന്ന് നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നെങ്കിലും അറ്രക്കുറ്റപ്പണികൾ നടത്താൻ നടപടികൾ സ്വീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ മഴയെത്തിയതും പാലം തകർന്നതും.
സമാന അവസ്ഥയിൽ തന്നെയാണ് പതിനഞ്ചിൽക്കടവിലെ നടപ്പാലവും. വാഹനങ്ങൾ എത്തിച്ചേരാത്ത ഈ നാടിന് ആശ്വാസമായിരുന്നത് നടപ്പാലമാണ്. എന്നാൽ, മഴയിൽ നടപ്പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. പാലം അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ കഴിഞ്ഞ പ്രളയകാലത്തിനു സമാനമായി ഈ നാട് വീണ്ടും ഒറ്റപ്പെടും. അടിയന്തരമായി രണ്ടു പാലവും നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.