plastic

കോട്ടയം: ക്ലീൻ കേരള കമ്പനിയ്‌ക്ക് കൈമാറുന്നതിനായി വീടുകളിൽ നിന്നും കടകളിൽ നിന്നും നഗരസഭ ആരോഗ്യ വിഭാഗം ശേഖരിച്ച് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കനത്ത മഴയിൽ വെള്ളത്തിലായി. കിലോക്കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മഴവെള്ളത്തിനൊപ്പം മീനച്ചിലാറ്റിലേയ്‌ക്ക് ഒഴുകിത്തുടങ്ങിയിരിക്കുന്നത്. രണ്ടു ദിവസം കൂടി ശക്തമായി മഴ പെയ്‌താൽ ഈ മാലിന്യം പൂർണമായും വേമ്പനാട്ട് കായലിൽ എത്തും.

ക്ലീൻ കേരള കമ്പനിയ്‌ക്ക് കൈമാറുന്നതിനായി നഗരസഭ പരിധിയിലെ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് മാലിന്യ ശേഖരിച്ചിരുന്നത്. ഇത്തരത്തിൽ ശേഖരിച്ചിരുന്ന ടൺ കണക്കിന് മാലിന്യങ്ങൾ നഗരസഭയുടെ ഉടമസ്ഥതയിലുള്ള നീലിമംഗലം പാലത്തിന് സമീപത്തെ മീൻ മാർക്കറ്റിലാണ് ശേഖരിച്ചിരുന്നത്. മഴ ആരംഭിച്ചപ്പോൾ തന്നെ ഈ പ്ലാസ്റ്റിക്ക് സൂക്ഷിക്കുന്നത് സംബന്ധിച്ചു നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചിരുന്നു.

തുടർച്ചയായി പെയ്‌ത മഴയിൽ മീനച്ചിലാറിന്റെ കൈവഴിയായ നീലിമംഗലം തോട് കരകവിഞ്ഞ് ഒഴുകി. മീൻ മാർക്കറ്റിന്റെ പാതിയിലേറെ ഭാഗം വെള്ളത്തിൽ മുങ്ങുകയും ചെയ്‌തു. ഇതോടെയാണ് മാർക്കറ്റിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വെള്ളത്തിൽ കലർന്നത്. ശനിയാഴ്‌ച ഉച്ചയോടെയാണ് ഇവിടെ വെള്ളം കയറിത്തുടങ്ങിയത്. ഈ സമയം തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വെള്ളത്തിലേയ്‌ക്ക് ഒഴുകി തുടങ്ങിയിരുന്നു. ഇതു സംബന്ധിച്ചു ഉടൻ തന്നെ നാട്ടുകാർ വിവരം നഗരസഭ അധികൃതരെ അറിയിച്ചു. എന്നാൽ, മാലിന്യങ്ങൾ ഒഴുകിപ്പോകുന്നത് തടയാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല.

ഇന്നലെ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ മാലിന്യങ്ങൾ വീണ്ടും വെള്ളത്തിൽ കലർന്ന് തുടങ്ങി. മഴവെള്ളത്തിനൊപ്പം ഒഴുകിത്തുടങ്ങിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ മീനച്ചിലാറ്റിലൂടെ വേമ്പനാട്ട് കായലിൽ എത്തിച്ചേരുകയും ജല സ്രോതസുകളെ മലിനമാക്കുകയും ചെയ്യുമെന്നാണ് നാട്ടുകാരുടെ പരാതി.