വൈക്കം: റോഡരികിൽ നിന്ന കൂറ്റൻ തണൽമരം റോഡിന് കുറുറെ കടപുഴകി വീണു. സംഭവ സമയത്ത് ഇത് വഴി പോയ ബൈക്കിന് മുകളിലേക്ക് മരം വീണ് ബൈക്ക് തകർന്നെങ്കിലും യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8ന് വൈക്കം -കുമരകം റോഡിൽ കുമരകം കണ്ണാടി ചാലിന് സമീപമാണ് സംഭവം. രാവിലെ വീശിയ ശക്തമായ കാറ്റിലും മഴയിലും പ്രധാന റോഡരികിൽ നിന്ന കൂറ്റൻ തണൽ മരം റോഡിന് കുറുകെ കടപുഴകി ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ബൈക്ക് യാത്രികനായ കോട്ടയം ചിറയിൽപാടം പരിമള നിവാസിൽ സെന്തിൽ കുമാർ (42) ഉടൻ ബൈക്കിൽ നിന്നും ചാടി മാറിയതിനാൽ തലനാരിഴയ്ക്ക് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടുകയായിരുന്നു. ബൈക്കും പിന്നിലുണ്ടായിരുന്ന ഹോം അപ്ലെയൻസ് സാധനങ്ങളും മരത്തിന്റെ അടിയിൽ കുടുങ്ങി പോയതിനെ തുടർന്ന് തകർന്നു. വൈക്കത്ത് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജി കുമാറിന്റെ നേതൃത്വത്തിലുള്ള ഫയർ യൂണിറ്റെത്തിയാണ് ഒരു മണിക്കൂറിലധികം എടുത്താണ് മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. മരം വീണതിനെ തുടർന്ന് വൈക്കം -കുമരകം റോഡിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.