അടിമാലി: ഹോം സ്റ്റേ സന്ദർശനത്തിനെത്തിയ വിനോദസഞ്ചാരികളായ യുവാക്കൾ അയൽവാസിയെ ആക്രമിച്ച് സ്വർണമാലയും പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കായംകുളം പുത്തൻകണ്ടം അജ്മൽ നിസ്സാമുദീനാണ് (21) അറസ്റ്റിലായത്. കഴിഞ്ഞ മാസം 10നായിരുന്നു സംഭവം. കല്ലാർ കോട്ടപ്പാറയിൽ ഹോംസ്റ്റേയിൽ എത്തിയ 13 അംഗ യുവാക്കളുടെ അശ്ലീലസംഭാഷണവും പാട്ടും ചോദ്യം ചെയ്ത കുരിശുപാറ കോട്ടുവായ്ക്കൽ കെ.പി. സാബുവിനെ (44) സംഘം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സാബു അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 14,000 രൂപയും മൂന്ന് പവൻ തൂക്കമുള്ള സ്വർണ്ണമാലയും തട്ടിയെടുത്താണ് സംഘം സ്ഥലം വിട്ടത്. ഹോംസ്റ്റേയിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ നമ്പറുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അടിമാലി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.