കോട്ടയം: പ്രശസ്ത പുല്ലാങ്കുഴൽ വിദഗ്ദ്ധൻ കുടമാളൂർ ജനാർദ്ദനനൊപ്പം പിറന്നാൾ സമ്മാനമായി മകൾ കല്യാണി ജെ അയ്യർ പാടി. മകളുടെ പാട്ടിന് അച്ഛൻ പുല്ലാങ്കുഴൽ വായിച്ചപ്പോൾ കോരിച്ചൊരിഞ്ഞ കർക്കിടക മഴയ്‌ക്കൊപ്പം ആസ്വാദക മനസിൽ സംഗീതമഴയും പെയ്തിറങ്ങി.. തിരുനക്കര സ്വാമിയാർ മoത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ചായിരുന്നു കുടമാളുരിന്റെ പുല്ലാങ്കുഴൽ കച്ചേരി. ഇന്നലെ അമ്പതാം പിറന്നാൾ ആഘോഷിച്ച ജനാർദ്ദനനുള്ള പിറന്നാൾ സംഗീതാർച്ചനയായി കച്ചേരി മാറി....പി ബരേ രാമരസം... എന്ന പരിപാടിയിൽ അതേ പേരുള്ള ഭജൻ പാടി. മകൾ കല്യാണി പുല്ലാങ്കുഴൽ വായിച്ചതിനു പുറമേ ശ്രീരാമ നാമകീർത്തനവും പാടി കയ്യടി വാങ്ങി. പിതാവിന്റെ പാത പിന്തുടർന്നു എം.ജി.സർവകലാശാല യുവജനോത്സവത്തിൽ കല്യാണി ഉപകരണസംഗീതത്തിൽ സമ്മാനാർഹയായിരുന്നു. തൃപ്പൂണിത്തുറ രാധാകൃഷ്ണൻ (ഘsം) ശ്രീ പദ്രി സതീഷ് കുമാർ (മൃദംഗം) എന്നിവർ കച്ചേരി കൊഴുപ്പിച്ചു.ഡോ. പി.വി.വിശ്വനാഥൻ നമ്പൂതിരി കുടമാളൂർ ജനാർദ്ദനന് ജന്മദിനോപഹാരം നൽകി.