തലയോലപ്പറമ്പ്: കഴിഞ്ഞ മൂന്ന് ദിവസമായി തോരാതെ പെയ്യുന്ന കനത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും വർദ്ധിച്ചതോടെ മുവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് പ്രദേശവാസികളെ ഭീതിയിലാക്കി. ഇടതടവില്ലാതെ പെയ്യുന്ന മഴ മൂലം തലയോലപ്പറമ്പ് ,മറവൻതുരുത്ത്, വെള്ളൂർ പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിലെ 300 ഓളം വീടുകളിൽ വെള്ളം ഏത് നിമിഷവും കയറാവുന്ന നിലയിലാണ്.തലയോലപ്പറമ്പ് പഞ്ചായത്തിലെകോരിക്കൽ,മാക്കോക്കുഴി, മനയ്ക്കച്ചിറ, പഴംമ്പട്ടി, തേവലക്കാട് മറവൻതുരുത്ത് പഞ്ചായത്തിലെ ചുങ്കം ഭാഗത്തെ പടിഞ്ഞാറൻ പ്രദേശങ്ങൾ, വെള്ളൂർ പഞ്ചായത്തിലെ കരിപ്പാടം മേഖലയിലുമാണ് ഭീഷണി. നിരവധി കർഷകർ ഇവിടങ്ങളിൽ നട്ട വാഴ കപ്പ, ചേന തുടങ്ങിയ കൃഷികൾ വെള്ളത്തിനടിയിലായി. ശക്തമായ കാറ്റിലും മഴയിലും കുലക്കാറായ ഏത്ത വാഴകൾ അടക്കം ഒടിഞ്ഞ് വീണതും പുരയിടത്തിൽ മൂപ്പെത്താറായ കപ്പകൾ വെള്ളത്തിൽ നിന്നതിനാൽ നശിക്കുമെന്നതും കർഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. പുഴയിലെ വെള്ളം ഉയർന്നാൽ താഴ്ന്ന പ്രദേശത്തെ 600ൽ അധികം വീടുകളിൽ എത് നിമിഷവും വെള്ളം കയറാവുന്ന സ്ഥിതിയിലാണ്.താലൂക്ക് ഓഫീസിൽ അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടുന്നതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺ ടോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഭവനങ്ങളിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് വില്ലേജ് അധികൃതർക്ക് താലൂക്ക് ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.