കോട്ടയം: മഴ തിമിർക്കുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാശനഷ്ടങ്ങൾ വരുത്തി താണ്ഡവമാടുകയാണ് പുഴകൾ. മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. ആറ്റിലൂടെ ഒഴുകിവന്ന തടി പിടിക്കുന്നതിനിടയിൽ ചേർപ്പുങ്കൽ കളപ്പുരക്കൽ മനേഷാണ് (33) മരിച്ചത്. കട്ടപ്പന കാഞ്ചിയാർ പേഴുംകണ്ടം കൊച്ചുചേന്നാട്ട് സജിയുടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് യുവാവിന് പരിക്കേറ്റു. സജിയുടെ മകൻ സിജോയ്ക്കാണ് (20) തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലായത്. വീട് തകർന്ന് ചെറുതോണി വാഴത്തോപ്പ് മണിയാറംകുഴി തെയ്യിൽ ജോഷിക്ക് പരിക്കേറ്റു. ഇയാളും ആശുപത്രിയിൽ
ചികിത്സയിലാണ്.
കോട്ടയത്ത് 19 കുടുംബങ്ങളിലെ 86 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു. നാട്ടകം വില്ലേജിൽ നിർമിതി കോളനി ഹാൾ, കോട്ടയം വില്ലേജിൽ കാരാപ്പുഴ എച്ച്.എസ്.എസ്, പെരുമ്പായിക്കാട് വില്ലേജിൽ സംക്രാന്തി എസ്.എൻ.എൽ.പി.എസ്, പള്ളിപ്പുറം സെന്റ് മേരീസ് യാക്കോബായ പള്ളി ഹാൾ, വിജയപുരം വില്ലേജിൽ പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ദുരിതാശ്വാക ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കാരാപ്പുഴ എച്ച്.എസ്.എസിലാണ് ഇന്ന് ഏറ്റവുമൊടുവിൽ ക്യാമ്പ് തുറന്നത്. ഒരു കുടുംബത്തിലെ നാലു പേരാണ് ഇവിടെയുള്ളത്.
മഴകനത്തലിനെ തുടർന്ന് കോട്ടയം നഗരസഭയിലും നാല് പഞ്ചായത്തുകളിലും പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആർപ്പൂക്കര, അയ്മനം തിരുവാർപ്പ് , കുമരകം എന്നിവയാണ് അവധി ബാധകമായ ഗ്രാമപഞ്ചായത്തുകൾ.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും കോട്ടയം ജില്ലയിൽ യെലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയസാദ്ധ്യതയുള്ള പ്രദേശങ്ങളിലും കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വെള്ളം കയറിയ മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അടിയന്തര സാഹചര്യം ഉണ്ടാകുന്ന പക്ഷം നേരിടുന്നതിന് മുൻകരുതൽ സ്വീകരിക്കാൻ തഹസിൽദാർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ജില്ലാ കളക്ടർ നിർദേശം നൽകി. കളക്ടറേറ്റിലും താലൂക്ക് കേന്ദ്രങ്ങളിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.
കിഴക്കൻ വെള്ളത്തിന്റെ വരവ് വർദ്ധിച്ചതോടെ മുവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇടതടവില്ലാതെ പെയ്യുന്ന മഴ കാരണം തലയോലപ്പറമ്പ് ,മറവൻതുരുത്ത്, വെള്ളൂർ പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിലെ 300 ഓളം വീടുകളിൽ വെള്ളം കയറിത്തുടങ്ങി. തലയോലപ്പറമ്പ് പഞ്ചായത്തിലെ കോരിക്കൽ,മാക്കോക്കുഴി, മനയ്ക്കച്ചിറ, പഴംമ്പട്ടി, തേവലക്കാട് മറവൻതുരുത്ത് പഞ്ചായത്തിലെ ചുങ്കം ഭാഗത്തെ പടിഞ്ഞാറൻ പ്രദേശങ്ങൾ, വെള്ളൂർ പഞ്ചായത്തിലെ കരിപ്പാടം മേഖലയിലുമാണ് ഭീഷണി.
കർഷകർ ഇവിടങ്ങളിൽ നട്ട വാഴ കപ്പ, ചേന തുടങ്ങിയ കൃഷികൾ വെള്ളത്തിനടിയിലായി. ശക്തമായ കാറ്റിലും മഴയിലും കുലക്കാറായ ഏത്ത വാഴകൾ അടക്കം ഒടിഞ്ഞ് വീണതും പുരയിടത്തിൽ മൂപ്പെത്താറായ കപ്പ വെള്ളത്തിൽ നിന്നതിനാൽ നശിക്കുമെന്നതും കർഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. പുഴയിലെ വെള്ളം ഉയർന്നാൽ താഴ്ന്ന പ്രദേശത്തെ 600ൽ അധികം വീടുകളിൽ എത് നിമിഷവും വെള്ളം കയറാവുന്ന സ്ഥിതിയിലാണ്.താലൂക്ക് ഓഫീസിൽ അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടുന്നതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺ ടോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഭവനങ്ങളിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് വില്ലേജ് അധികൃതർക്ക് താലൂക്ക് ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
വൈക്കം -കുമരകം റോഡിൽ കുമരകം കണ്ണാടി ചാലിന് സമീപം മരം കാറ്റിൽ വീണ് ബൈക്ക് പൂർണമായും നശിച്ചു. ആളപയാമുണ്ടായില്ല. മരം വീഴുന്ന ശബ്ദം കേട്ട് ബൈക്ക് യാത്രികനായ കോട്ടയം ചിറയിൽപാടം പരിമള നിവാസിൽ സെന്തിൽ കുമാർ (42) ഉടൻ ബൈക്കിൽ നിന്ന് ചാടി മാറിയതിനാൽ തലനാരിഴയ്ക്ക് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടുകയായിരുന്നു. ബൈക്കും പിന്നിലുണ്ടായിരുന്ന ഹോം അപ്ലെയൻസ് സാധനങ്ങളും മരത്തിന്റെ അടിയിൽ കുടുങ്ങി പോയതിനെ തുടർന്ന് തകർന്നു. വൈക്കത്ത് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജി കുമാറിന്റെ നേതൃത്വത്തിലുള്ള ഫയർ യൂണിറ്റെത്തിയാണ് ഒരു മണിക്കൂറിലധികം എടുത്താണ് മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. മരം വീണതിനെ തുടർന്ന് വൈക്കം -കുമരകം റോഡിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ഇടുക്കിയിൽ
ഓറഞ്ച് അലേർട്ട്
ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ മഴ കനക്കുകയും ഡാമിലേക്ക് കൂടുതലായി വെള്ളമെത്തുകയും ചെയ്തതോടെ കല്ലാർ ഡാം ഇന്ന് തുറന്നുവിട്ടേക്കും. കല്ലാർകുട്ടി, പാംബ്ല,മലങ്കര ഡാമുകൾ കഴിഞ്ഞദിവസം തുറന്നുവിട്ടിരുന്നു. ഇടുക്കി ഡാമിലും ജലനിരപ്പ് കൂടിവരികയാണ്. ഇന്ന് രാവിലെത്തെ ജലനിരപ്പ് 2311.38 അടിയാണ്. കഴിഞ്ഞവർഷം ഇതേ സമയത്ത് 2384.66 അടിയായിരുന്നു. 2403 അടിയാണ് ഇടുക്കിഡാമിന്റെ സംഭരണ ശേഷി.
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയാണ്. 49.6 മില്ലിമീറ്റർ മഴയാണ് പെയ്തത്. മുല്ലപ്പെരിയാർ ഡാമിൽ 113.6 അടിയായി ജലനിരപ്പ്പ ഉയർന്നു. പീരുമേട്ടിലാണ് ഇടുക്കി ജില്ലയിൽ കൂടുതൽ മഴ ലഭിച്ചത്.
ജില്ലയിൽ മണ്ണിടിച്ചിൽ വ്യാപകമായി. ഇന്ന് രാവിലെ കോഴിപ്പള്ളിയിൽ മണ്ണിടിഞ്ഞു. ഇതോടെ ഗ്രാമം ഒറ്റപ്പെട്ടു. ഗതാഗതവും നിലച്ചു. കൊച്ചി-മധുര ദേശീയ പാതയുടെ ഭാഗമായ ഹെഡ്സ് ഡാമിന് സമീപവും മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞദിവസം പെരിയാർവാലിയിൽ ഉരുൾപൊട്ടി ഒരേക്കർ സ്ഥലം ഒലിച്ചുപോയിരുന്നു.
പത്തനംതിട്ടയിൽ
ക്യാമ്പുകൾ തുറന്നു
പത്തനംതിട്ടയിലും മഴ തിമിർത്തു പെയ്യുകയാണ്. വീടുകളിൽ വെള്ളം കയറിതുടങ്ങിയതോടെ തിരുവല്ലയിലും മല്ലപ്പള്ളിയിലും ക്യാമ്പുകൾ തുറന്നു. രണ്ട് ക്യാമ്പുകളിലായി 18 കുടുംബങ്ങളിലെ 67 പേരാണ് കഴിയുന്നത്.
മൂന്നു ദിവസം ഇടതടവില്ലാതെ പെയ്ത മഴയെ തുടർന്ന് കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല ദുരിതത്തിലായി. മഴവെള്ളത്തിൽ രണ്ട് നടപ്പാലങ്ങൾ തകർന്ന് പടിഞ്ഞാറൻ മേഖല ഒറ്റപ്പെട്ട നിലയിലാണ്. കാഞ്ഞിരം മലരിക്കൽ ഭാഗത്ത് ചിറ്റടിപാലവും പതിനഞ്ചിൽ കടവിലെ നടപ്പാലവുമാണ് തകർന്നത്. ഇതോടെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ സാധിക്കാതെയായി.
-