കോട്ടയം: കനത്ത മഴയെന്ന് കരുതി തണുപ്പത്ത് മൂടിപുതച്ച് കിടന്ന് ഉറങ്ങുന്പോൾ കള്ളന്മാർ പുറത്ത് പാത്തിരിപ്പുണ്ടെന്ന് ഓർമ്മവേണം. ഉറക്കം ഗാഢമാവുന്നതും കാത്താണ് അവരുടെ നിൽപ്പ്.ഏതു സമയത്തും ഇവർ അകത്ത് കടക്കാം. വൈദ്യുതീകരിച്ച വീടാണെങ്കിൽ മെയിൻസ്വിച്ച് ഓഫാക്കിയോ മീറ്റർ ബോർഡിലെ ഫ്യൂസ് ഊരിയോ ആവും ഇവർ അകത്തുകയറുക. തിരുട്ടുഗ്രാമക്കാർ മോഷണത്തിനിറങ്ങുന്നതും ഇക്കാലത്താണ്.

കൊല്ലപ്പള്ളിയിലെയും കോതനല്ലൂരിലെയും കടകളിൽ വ്യാപകമായ മോഷണമാണ് കഴിഞ്ഞദിവസങ്ങളിൽ നടന്നത്. ഒരേ സംഘം തന്നെയാണ് ഇതിനെല്ലാം പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊല്ലപ്പള്ളിയിൽ ഒറ്റ ദിവസം കൊണ്ട് നാലു കടകളിലാണ് മോഷണം നടന്നത്. മാർക്കറ്റിനു സമീപം രണ്ട് കടകളിലും കവലമുക്കിലെ രണ്ടു കടകളിലുമാണ് മോഷണം നടന്നത്. മാർക്കറ്റിനു സമീപം ജോഹന്നാസ് ഫാഷൻ കോർണറിന്റെ താഴ് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ, അഞ്ച് ഷർട്ടും അഞ്ച് കുടകളും മേശയലുണ്ടായിരുന്ന ആയിരത്തോളം രൂപയും കവർന്നു. തൊട്ടടുത്ത വരവുകാലായിൽ റബ്ബേഴ്സിന്റെ ഷർട്ടറുകൾ തകർക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. എല്ലാ കടകളിലെയും വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മോഷണം നടത്തിയത്.

കവലവഴിമുക്കിലെ ടയർ കടയിൽ താഴ് തകർത്ത് അകത്തുകയറിയ സംഘം 700 രൂപ മോഷ്ടിച്ചു. തൊട്ടടുത്തുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഗ്യാസ് ഏജൻസിയിൽ മോഷ്ടാക്കൾ പ്രവേശിച്ചെങ്കിലും അവിടെ പണമൊന്നും സൂക്ഷിച്ചിരുന്നില്ല. ഒരാഴ്ചമുമ്പ് അന്തീനാട് കുരിശുപള്ളിക്ക് സമീപത്തെ കട കുത്തിത്തുറന്ന് 4,000 രൂപ അപഹരിച്ചിരുന്നു. മേലുകാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോതനല്ലൂർ ജംഗ്ഷനിലെ നാല് കടകളിലാണ് ഒരൊറ്റദിവസം മോഷണം നടന്നത്. മാരുതി എന്റർപ്രൈസസ്, മഞ്ജു സ്റ്റീൽ ഫർണിച്ചർ, അപ്പു ഗോൾഡ് കവറിംഗ്, ജ്യോതിസ് ഡ്രൈക്ലീനിംഗ് സെന്റർ, ജനസേവന കേന്ദ്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ജനസേവന കേന്ദ്രത്തിൽ നിന്ന് പണവും സ്വർണവുമാണ് കവർന്നത്. അപ്പു ഗോൾ‌ഡ് കവറിങ് കടയിൽ നിന്നും 1,500 രൂപ നഷ്ടമായി. ബാക്കി കടകളിൽ പണമില്ലായിരുന്നു. കഴിഞ്ഞയാഴ്ചയിൽ മാഞ്ഞൂരിൽ കൂടുതൽ വീടുകളിൽ മോഷണം നടന്നിരുന്നു. കടുത്തുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊട്ടടുത്ത ഫർണിച്ചർ കടയിലെ സി.സി ടി.വി ദൃശ്യങ്ങൾ മായിച്ചശേഷമാണ് സംഘം മടങ്ങിയത്. ആഴ്ച ഒന്നു കഴിഞ്ഞിട്ടും മോഷ്ടാക്കളെക്കുറിച്ച് ഒരു സൂചനകളും ലഭിച്ചിട്ടില്ല.

ജാഗ്രതയോടെ പൊലീസ്

മോഷണം പെരുകിയതോടെ ജനങ്ങളെ ബോധവത്ക്കരിക്കാൻ പൊലീസും രംഗത്തെത്തി. നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലെ രാത്രികാല പട്രോളിംഗ് ശക്തമാക്കാൻ ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലയിലെ അഞ്ച് പൊലീസ് ഡിവിഷനുകളിലും നടപടി ആരംഭിച്ചുകഴിഞ്ഞു.

ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് വീടിന്റെ വാതിലുകൾ കുറ്റിയിട്ട് പൂട്ടിയെന്ന് ഉറപ്പാക്കുക. പിറകിലത്തെ വാതിൽ ബലവത്തല്ലെങ്കിൽ ഉടൻ ബലവത്താക്കുക. പുറത്ത് ശബ്ദം കേട്ടാൽ ഉടൻ ലൈറ്റ് തെളിക്കുക. സൂക്ഷ്മമായി ശ്രദ്ധിക്കുക. വീടിന് പുറത്തിറങ്ങരുത്. സംശയമുണ്ടെങ്കിൽ അയൽവാസികളെ ഫോണിലൂടെ വിവരം അറിയിക്കുക. പൊലീസ് സ്റ്റേഷനിലും അറിയിക്കുക.

ജനലുകൾക്ക് അരികിൽ കട്ടിൽ ഇട്ട് ഉറങ്ങാൻ കിടക്കരുത്. ജനൽ പാളി തുറന്ന് അതിലൂടെ മാലയും പാദസരം തുടങ്ങിയവ പൊട്ടിച്ചെടുക്കാൻ സാദ്ധ്യതയേറെയാണ്. പകൽ ചുറ്റിനടക്കുന്നവരെ ശ്രദ്ധിക്കുക. വീടും പരിസരവും മനസിലാക്കി അവർ രാത്രിയിൽ എത്താനുള്ള സാദ്ധ്യതയുണ്ട്. സംശയം തോന്നിയാൽ ഇവരെ തടഞ്ഞുനിർത്തി പൊലീസിനെ അറിയിക്കുക. റെസിഡന്റ്സ് അസോസിയേഷനുകൾക്ക് ഇക്കാര്യത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാനാവുമെന്നും പൊലീസ് പറയുന്നു.