കോട്ടയം: 'ഉഴവൂർ വിജയൻ മരിച്ചിട്ട് രണ്ട് വർഷമായോ'? വിജയന്റെ രണ്ടാം ചരമവാർഷികം ഇന്ന് ആചരിക്കുമ്പോൾ അടുപ്പമുള്ളവർ പറയുന്നു: ആ ചിരി ഇന്നലെ മാഞ്ഞതുപോലെ തോന്നുന്നു....
വിജയൻ ബാക്കിവെച്ചുപോയ സ്നേഹോഷ്മളമായ ബന്ധങ്ങളും നർമ്മംചാലിച്ച വാക്ചാതുരിയും നേതൃ പാടവവും സംഘാടക മികവും പകരം വെയ്ക്കാനില്ലാതെ നമ്മുടെ ഓർമകളിലവശേഷിക്കുകയാണ്.
ഉഴവൂരിൽ നിന്ന് വളർന്നാണ് കെ.ആർ.നാരായണൻ രാഷ്ട്രപതികസേരയിൽ എത്തിയത്. പക്ഷേ ഉഴവൂർ നാരായണൻ എന്ന് അറിയപ്പെടുന്നില്ല. ജന്മനാട് പേരിനൊപ്പം ചേർത്ത് ലോകം അറിയാൻ വിജയനേ കഴിഞ്ഞുള്ളൂ.
'നാട്ടുകാരെ പിടിച്ചിരുത്താൻ ഉഴവൂർ വിജയനെ കിട്ടുമോ? കേരളത്തിൽ ഏതു തിരഞ്ഞെടുപ്പു വന്നാലും ഇടതുമുന്നണി ഘടകകക്ഷി നേതാക്കളുടെ ആദ്യചോദ്യം ഇതായിരുന്നു. മണിക്കൂറുകൾ നീളുന്ന രസകരമായ പ്രസംഗത്തിലൂടെ എത്രനേരം വേണമെങ്കിലും ശ്രോതാക്കളെ പിടിച്ചിരുത്താൻ വിജയനു കഴിയുമായിരുന്നു. ഓടി നടന്ന് പ്രസംഗിച്ച് ശബ്ദമടഞ്ഞാലും എല്ലാവർക്കും വിജയൻ മതി.
സ്ഥാനാർത്ഥി എത്തുംമുമ്പ് ഒന്നൊന്നര മണിക്കൂർ വരെ കാച്ചും. അതും കേൾവിക്കാരെ ചിരിപ്പിച്ചു മണ്ണുകപ്പിക്കുന്ന ശൈലിയിൽ. തമാശകൾ മുൻകൂട്ടി ആലോചിച്ചുറപ്പിക്കുന്ന ശീലമൊന്നും വിജയനില്ല. പ്രസംഗത്തിനിടയിൽ വന്നു ഭവിക്കുകയായിരുന്നു.
വിവിധ സ്ഥാനാർത്ഥികൾക്കായി പ്രസംഗ പര്യടനം നടത്തിയിരുന്ന വിജയൻ വർഷങ്ങൾക്കു മുമ്പ് കെ.എം. മാണിയുമായി പാലായിൽ ഒരു കൈനോക്കി പരാജയപ്പെട്ട ശേഷം തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല .
'മാണിസാർ പാലായ്ക്കുവേണ്ടി പലതും ചെയ്തിട്ടുണ്ട്. എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്തത് കൊണ്ട് എനിക്കും ഒരവസരം നൽകണമെന്നായിരുന്നു അന്ന് പാലായിലെ വോട്ടർമാരോടുള്ള വിജയന്റെ അഭ്യർത്ഥന!
ഉഴവൂരിന്റെ മരണത്തോടെ എൻ.സി.പിയിൽ പൊട്ടി പുറപ്പെട്ട ഭിന്നത ഇന്നും അവസാനിച്ചിട്ടില്ല. എൻ.സി.പിയും വിജയൻ ട്രസ്റ്റും രണ്ടായാണ് ഇന്ന് രണ്ടാം ചരമ വാർഷികം കോട്ടയത്തും കുറിച്ചിത്താനത്തും ആചരിക്കുന്നത്.