വൈക്കം: ഉദയനാപുരം ചാത്തൻകുടി ദേവിക്ഷേത്രത്തിൽ കനകധാരാ യജ്ഞവും ലക്ഷാർച്ചനയും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ആഗസ്റ്റ് 19 മുതൽ 25 വരെയാണ് യജ്ഞം.
ദീപ പ്രകാശനം 18ന് വൈകിട്ട് 6ന് ആഴ്വാഞ്ചേരി മന കൃ ഷ്ണൻ തമ്പ്രാക്കൾ നിർവഹിക്കും. ക്ഷേത്രനഗരിയായ വൈക്കത്ത് നിരവധി വർഷങ്ങൾക്ക് ശേഷമാണ് കനകധാരയജ്ഞം നടക്കുന്നത്.
ശ്രീശങ്കര വിരചിതമായ കനകധാര സ്തോത്രങ്ങൾ ചൊല്ലി കലശത്തിൽ അർച്ചന ചെയ്ത് ദേവിക്ക് അഭിഷേകം ചെയ്യുന്ന ക്രിയയാണ് കനകധാരയജ്ഞം. ആദി ശങ്കരൻ ഒരു ദരിദ്രകുടുംബത്തിന്റെ ദാരിദ്ര്യ ദുഖം കണ്ട് കനകധാര സ്‌തോത്രം ചൊല്ലി ദേവിയെ സ്തുതിച്ച സമയം ആകാശത്തു നിന്നും സ്വർണ്ണ നെല്ലിക്കകൾ വീണുവെന്നാണ് ഐതീഹ്യം. കനകധാരയജ്ഞം ക്ഷേത്രത്തിന്റെയും നാടിന്റെയും ഭക്തരുടെയും ഐശ്വര്യത്തിന് വഴിയൊരുക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
മോനാട്ട് മന എം. ജി.കൃഷ്ണൻ നമ്പൂതിരി, മോനാട്ട് മന ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ നേത്യത്തിൽ നിരവധി ആചാര്യൻ മാരുടെ കാർമ്മികത്വത്തിൽ നടക്കുന്ന കനകധാരയജ്ഞത്തോടപ്പം മഹാഗണപതി ഹോമം ലളിതാസഹസ്രനാമാർച്ചന, നവഗ്രഹ ശാന്തി ഹോമം, മഹാമൃത്യുജ്ഞയഹോമം, മഹാ ധന്വന്തരി ഹോമം, സ്വയംവര പാർവതി പൂജ, മഹാശനീശ്വരപൂജ, മഹാ സുകൃത ഹോമം എന്നിവയും നടത്തും.