വൈക്കം : സാമൂഹിക നന്മകൾ ഉൾക്കൊള്ളുന്ന നാടകങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും എല്ലാ മാസവും നാടകം കാണുവാൻ ഉള്ള അവസരം ഒരുക്കിയും കലാസാംസ്കാരിക രംഗത്തിനു ഊർജ്ജം പകർന്നു കൊണ്ട് കേരള സംഗീത നാടക അക്കാദമിയുടെ പ്രതിവാര നാടക പരിപാടിയുടെ ഭാഗമായി ഇന്ന് 6.30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലും നാളെ 6.30ന് എറണാകുളം കേരള ഫൈൻ ആർട്ട്സ് ഹാളിലും വൈക്കം മാളവികയുടെ ''മഞ്ഞു പെയ്യുന്ന മനസ്സ്'' എന്ന നാടകം അവതരിപ്പിക്കും. ഫൈൻ ആർട്ട്സ് ഹാളിൽ നാടകത്തിന്റെ 115-ാം മത് വേദിയുടെ ഉദ്ഘാടനം സംവിധായകൻ സിബി മലയിൽ നിർവഹിക്കും. സംവിധായകൻ വിനയൻ, ജസ്റ്റിസ് പി.എസ്.ഗോപിനാഥ്, സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. ഫ്രാൻസിസ്.ടി മാവേലിക്കര എഴുതി വൽസൻ നിസരി സംവിധാനം നിർവഹിച്ച ഈ നാടകത്തിൽ പ്രധാന വേഷം അഭിനയിക്കുന്നത് സംസ്ഥാന സർക്കാർ അവാർഡ് ജേതാവ് പ്രദീപ് മാളവികയാണ്.