vechoor

വെച്ചൂർ: പാടശേഖരത്തിന്റെ പുറം ബണ്ടുയർത്തുന്നത് തടസപ്പെടുത്തുന്നതായി പാടശേഖരസമിതി. കൃഷി ഉപേക്ഷിക്കുമെന്ന് കർഷകർ. വെച്ചൂർ ദേവസ്വംകരി പാടശേഖരസമിതിയാണ് പാടശേഖരത്തിന്റെ പുറംബണ്ടുയർത്തുന്നത് സമീപവാസികളായ ചിലർ തടസപ്പെടുത്തുന്നുവെന്ന് പരാതി ഉയർത്തുന്നത്. 170 ഏക്കറാണ് പാടശേഖരത്തിന്റെ വിസ്തൃതി. 100 നടുത്ത് കർഷകരാണുള്ളത്. പ്രതി വർഷം 4750 ക്വിന്റലോളം നെല്ല് ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. വിക്രമൻ തോടിന്റെ ഇരുവശങ്ങളിലുമുള്ള പാടശേഖരങ്ങളുടെ ബണ്ട് ഉയർത്തി വീതികൂട്ടി ബലപ്പെടുത്തുന്നതിന് സർക്കാർ 3 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞദിവസം തോടിന് ആഴം കൂട്ടി ബണ്ട് ഉയർത്തുന്ന ജോലികൾ ആരംഭിച്ചപ്പോൾ തന്നെ ഒരു വിഭാഗം തടയുകയായിരുന്നെന്ന് പാടശേഖരസമിതി ഭാരവാഹികൾ പറയുന്നു. സമീപവാസികളായ പന്ത്രണ്ടോളം വീട്ടുകാരാണ് എതിര് നിൽക്കുന്നത്. ബണ്ട് തോട്ടിൽ നിന്നുള്ള ചെളി ഉപയോഗിച്ച് ഉയർത്തുമ്പോൾ ബണ്ടിലൂടെ ഇവർക്ക് വഴി നടക്കാൻ കഴിയില്ല എന്നതാണ് എതിർപ്പിന്റെ കാരണം. തോടിന്റെ മറ്റ് ഭാഗങ്ങളിലെല്ലാം ആഴം കൂട്ടി ബണ്ട് ഉയർത്തിക്കഴിഞ്ഞിട്ടുണ്ട്. എതിർക്കുന്നവരുടെയെല്ലാം വീടുകളുടെ മുന്നിലും ഇത്തരത്തിൽ ബണ്ട് ഉയർത്തിയിട്ടുണ്ടെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ വർഷകാലത്ത് ഇവിടെ മട വീണ് കൃഷി നശിച്ചതാണ്. ബണ്ട് ഉയർത്താതിരുന്നാൽ മഴ ജലനിരപ്പ് ഇനിയുമുയർന്നാൽ ബണ്ട് കവിഞ്ഞോ മട വീണോ കൃഷി നശിക്കാൻ സാദ്ധ്യതയുണ്ട്. 50 ദിവസം പ്രായമായ നെൽച്ചെടികളാണ് പാടശേഖരത്തിലുള്ളത്. ഇവിടെ വെള്ളം കയറിയാൽ സമീപത്തെ പന്നക്കാത്തടം പാടശേഖരത്തിലെ കൃഷിയും നശിക്കും. 102 ഏക്കറാണ് അത്. രണ്ട് പാടശേഖരങ്ങൾക്കുമിടയിലെ ചിറയിൽ താമസിക്കുന്ന അൻപതോളം കുടുംബങ്ങളും വെള്ളത്തിലാകും.

യു.ബാബു

(ദേവസ്വംകരി പാടശേഖരസമിതി സെക്രട്ടറി)

തുടർച്ചയായ കൃഷിനാശം താങ്ങാൻ കർഷകർക്കാവില്ല. വിഷയത്തിൽ അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടാകും.

*170 ഏക്കർ പാടം

*100 ഓളം കർഷകർ

*കൃഷി നാശ ഭീഷണി

*50 ദിവസം പ്രായമായ നെൽ ചെടി

*50 ഓളം കുടുംബങ്ങൾ വെള്ളം പൊക്കഭീഷണിയിൽ

*സർക്കാർ 3 കോടി രൂപ അനുവദിച്ചു