പാലാ : പാലാ ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയെ വിജയിപ്പിക്കേണ്ടത് തന്റെ വ്യക്തിപരമായ ഉത്തരവാദിത്വം കൂടിയാണെന്ന് പി.സി. ജോർജ് എം.എൽ.എ പറഞ്ഞു. എൻ.ഡി.എ തിരഞ്ഞെടുപ്പ് മുന്നൊരുക്ക നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ജനപക്ഷം സജീവമായി ഉണ്ടാകും. തലപ്പുലം, തലനാട്, മൂന്നിലവ്, മേലുകാവ്, കടനാട് ഭരണങ്ങാനം, എലിക്കുളം, പഞ്ചായത്തുകളിൽ ജനപക്ഷം നിർണായക ശക്തിയാണ്. പാലായിൽ കെ.എം.മാണി സഹതാപ തരംഗം എന്നൊന്നില്ല. എൻ.ഡി.എ ഒത്തു പിടിച്ചാൽ 55000 വോട്ടുപിടിക്കാൻ ബുദ്ധിമുട്ടില്ലെന്നും ജോർജ് പറഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ അഡ്വ. ബിനു പുളിക്കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. എൻ.ഹരി, എം.പി.സെൻ, ബിഡ്‌സൺ മല്ലികശ്ശേരി, സെബി പറമുണ്ട, അനീഷ് ഇരട്ടയാനി, ഷാജി വെള്ളാപ്പാട്, ജേക്കബ് കുര്യാക്കോസ്, ജെയിംസ് കുന്നപ്പിള്ളി, പ്രൊഫ.ബി.വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തുതല യോഗങ്ങൾ 30നുള്ളിൽ പൂർത്തിയാക്കാനും തീരുമാനമായി.