കോട്ടയം: പ്രധാനമന്ത്രി കൃഷി സമ്മാൻ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ച് അഞ്ചു മാസം കഴിഞ്ഞിട്ടും ഒന്നാം ഘട്ടം പണം ലഭിക്കാതെ ജില്ലയിൽ ഒന്നര ലക്ഷത്തിലേറെ പേർ. കഴിഞ്ഞ ഫെബ്രുവരി 19 മുതൽ അപേക്ഷ നൽകിയവർക്കാണ് ഇപ്പോഴും പണം കിട്ടാനുള്ളത്. ആദ്യ ഘട്ടം ലഭിച്ച ആയിരത്തിലേറെ പേർക്ക് രണ്ടാം ഘട്ടവും ലഭിക്കാനുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ അപേക്ഷ നൽകിയില്ലെങ്കിൽ പണം ലഭിക്കില്ലെന്ന പ്രചാരണത്തിനിടെ രാവിലെ മുതൽ ക്യൂവിൽ വിയർത്തൊലിച്ച് നിന്ന് അപേക്ഷ സമർപ്പിച്ചിട്ട് അഞ്ച് മാസം പിന്നിട്ടപ്പോഴും പണം ലഭിക്കാത്തതിന്റെ നിരാശയിലാണ് കർഷകർ. ഇതിനിടെ രണ്ടാം മോദി സർക്കാർ അധികാരവുമേറ്റു. ചെറുകിട കർഷകർക്ക് വർഷം ആറായിരം രൂപ നൽകുന്ന പദ്ധതിയുടെ ആദ്യ ഗഡു കഴിഞ്ഞ മാർച്ച് 31നകം വിതരണം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. ഇതോടെ കൃഷിഭവനുകളിൽ തിരക്കായി. കരംഅടച്ച രസീതും ആവശ്യമായതിനാൽ ക്യൂ വില്ലേജ് ഓഫീസുകളിലേയ്ക്കും നീണ്ടു. 11 ബ്‌ളോക്ക് പഞ്ചായത്തുകളിലെ കൃഷിഭവനുകളിൽ 1,92,185 അപേക്ഷകളാണ് ലഭിച്ചത്. പണം ലഭിച്ചത് 39228 പേർക്കും.
വ്യക്തമായ മറുപടിയില്ല
പണം ലഭിക്കാത്തതിനെ പറ്റി വ്യക്തമായ മറുപടിയില്ലെങ്കിലും അപേക്ഷ അപ്‌ലോഡ് ചെയ്യുന്നതിലെ താമസവും സോഫ്റ്റ്‌വെയർ പ്രശ്‌നവുമൊക്കെയാണ് ചൂണ്ടിക്കാട്ടുന്നത്. രണ്ടാംഘട്ടത്തിനായി കാത്തിരിക്കുന്നവരോട് ബാങ്കിലെ പ്രശ്‌നമാണ് പറയുന്നത്.
അപേക്ഷകർ
വാഴൂർ: 17,363
മാടപ്പള്ളി: 13618
ഈരാറ്റുപേട്ട: 13300
ഏറ്റുമാനൂർ: 21059
പാലാ: 13111
വൈക്കം: 23859
കോട്ടയം: 16828
പാമ്പാടി: 19200
കാഞ്ഞിരപ്പള്ളി: 16478
ഉഴവൂർ: 18932
കടുത്തുരുത്തി: 18437
ആകെ അപേക്ഷകർ:
1.92 ലക്ഷം
2000 രൂപ ലഭിച്ചവർ:
39,228