രണ്ട് ഹോട്ടലുകൾക്ക് പിഴ
കോട്ടയം : ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ രാത്രികാല പരിശോധനയിൽ വൃത്തിഹീനമായി കണ്ടെത്തിയ നഗരമദ്ധ്യത്തിലെ കള്ളുഷാപ്പ് അടച്ചു പൂട്ടി. ചന്തക്കവലയിൽ എം.എൽ റോഡിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പാണ് പൂട്ടിയത്. സെൻട്രൽ ജംഗ്ഷനിലെ ബെസ്റ്റ് ഹോട്ടൽ, റെയിൽവേ സ്റ്റേഷനു സമീപത്തെ മസായ ഫാസ്റ്റ് ഫുഡ് എന്നിവയിൽ നിന്ന് പിഴ ഈടാക്കി. 11 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസില്ലാതെ, രജിസ്‌ട്രേഷന്റെ ബലത്തിലാണ് ഷാപ്പ് പ്രവർത്തിച്ചിരുന്നത്. അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയ സാഹചര്യത്തിൽ രജിസ്ട്രേഷൻ റദ്ദാക്കി. ബെസ്റ്റ് ഹോട്ടൽ, ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റ് എന്നിവിടങ്ങളിൽ പിഴവുകൾ പരിഹരിക്കാൻ 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. കോടിമത നാലുവരിപ്പാതയിൽ പ്രവർത്തിക്കുന്ന തട്ടുകടയ്‌ക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
പരിശോധന ശക്തമാക്കും
മഴക്കാല രോഗങ്ങൾ പടരുന്ന സാഹചര്യത്തിലാണ് പരിശോധന. രാത്രികാലങ്ങളിൽ ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിലാണ് പരിശോധന നടത്തുന്നത്. പിഴവ് കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ ഉണ്ടാകും.
ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർ