road

തലയോലപ്പറമ്പ്: റോഡിനിടയിലൂടെയുള്ള ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ടാറിംഗ് ഇടിഞ്ഞ് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ടോൾ പാലം കടവ് റോഡിൽ പാലംകടവ് ജംഗ്ഷന് സമീപമുള്ള റോഡാണ് ഇന്നലെ രാവിലെ 11 മണിയോടെ ഇടിഞ്ഞ് താഴ്ന്ന് ഗർത്തം ഉണ്ടായത്. വെള്ളം ശക്തമായി ഒഴുകിയതിനെ തുടർന്ന് അള്ള വീണ ഭാഗം കൂടുതൽ ഇടിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ റോഡിൽ വൻ ഗർത്തം രൂപപ്പെടുകയായിരുന്നു. വാട്ടർ അതോറിറ്റി അധികൃതരെ വിവരം അറിയിച്ചെങ്കിലും ലൈൻ ഓഫാക്കാനോ സംഭവം അന്വേഷിക്കാനോ എത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.പൊള്ളയായ ഭാഗം കൂടുതൽ ഇടിയാൻ സാദ്ധ്യത ഏറെയാണെന്നും പ്രദേശവാസികൾ പറയുന്നു. ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ഒരു വശത്തേക്കുള്ള വാഹന ഗതാഗതം സാദ്ധ്യമല്ലാതായി. ജംഗ്ഷന് സമീപം പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തനത്തിനെത്തിയ കരാറുകാരനാണ് ഒടുവിൽ ഗർത്തം രൂപപ്പെട്ട ഭാഗത്തെ റോഡിൽ വീപ്പ നിരത്തി അപകടസൂചനാ ബോർഡ് സ്ഥാപിച്ചത്. പാലാംകടവ് ജംഗ്ഷന് സമീപം മറ്റൊരു ഭാഗത്ത് പൈപ്പ് ലൈൻ പൊട്ടി ഒരാഴ്ചയിലധികമായി ശക്തമായി വെള്ളം പാഴായിട്ടും അധികൃതർ ഇതുവരെയും തകരാർ പരിഹരിക്കാൻ എത്തിയില്ലെന്നും നാട്ടുകാർ പറയുന്നു.