കോട്ടയം: വർഷങ്ങളായി മൽസരരംഗത്തില്ലാതിരുന്ന ആർപ്പൂക്കര- മണിയാപറമ്പ് നവജീവൻ ബോട്ട് ക്ലബ് (എൻ.ബി.സി) ഇക്കുറി 'ജവഹർ തായങ്കരി' യിലേറി പുന്നമട കായലിലേയ്ക്ക് . വ്യത്യസ്തകാലയളവിൽ നെഹ്രുട്രോഫി ജേതാക്കളായിട്ടുള്ള ക്ലബ്ബും ചുണ്ടനും ക്യാപ്ടനും ഒരുമിക്കുന്ന അത്യപൂർവതയാണ് അവരുടെ കരുത്ത്. അതു കൊണ്ടു തന്നെ നവജീവൻ എന്ന പേര് അന്വർത്ഥമാക്കി നെഹ്രുട്രോഫി നേടുമെന്നു തന്നെ അവർ ഉറപ്പിക്കുന്നു.
കഴിഞ്ഞ ദിവസം മണിയാപറമ്പ് പെണ്ണാർ തോട്ടിൽ ആരംഭിച്ച തുഴച്ചിൽ പരിശീലനം ജില്ല കളക്ടർ പി.കെ. സുധീർബാബു അമരത്തുഴ കൈമാറി ഉദ്ഘാടനം ചെയ്തു. ഡോ.പി.ആർ കുമാർ വഞ്ചിപ്പാട്ടിന്റെ ഈരടികൾ ചൊല്ലി അണിയത്തുഴയും കൈമാറി. കെ.സുരേഷ് കുറുപ്പ് എം.എൽ.എ ഫ്ലാഗ് ഒാഫ് ചെയ്തു.
നെഹ്രുട്രോഫി ജലോത്സവത്തിൽ വിവിധ ക്ലബ്ബുകളുടെ ഭാഗമായി അഞ്ച് തവണ മുത്തമിട്ട ചുണ്ടനും രണ്ടുതവണ ജേതാക്കളായ ബോട്ടുക്ലബ്ബും മൂന്നുതവണ വിജയശില്പിയായിട്ടുള്ള ക്യാപ്ടൻ ജയിംസുകുട്ടി ജേക്കബും ഒരുമിക്കുന്നു എന്നതാണ് ഒരുപതിറ്റാണ്ടിന് ശേഷമുള്ള തിരിച്ചുവരവിൽ എൻ.ബി.സിയുടെ പ്രത്യേകത. അന്യസംസ്ഥാനക്കാരായ ചുണക്കുട്ടന്മാരുൾപ്പെടെ 120 തുഴച്ചിൽകാർ തീവ്രപരിശീലനത്തിലേയ്ക്കു കടന്നു കഴിഞ്ഞു. ഗുരുദേവനും, യൂദാശ്ലീഹയും അനുഗ്രഹം ചൊരിയുന്ന മണിയാപറമ്പിലെ മതസൗഹാർദ്ദത്തിന്റെ പ്രതീകം കൂടിയാണ് ബോട്ട് ക്ലബ്ബിന്റെ കൂട്ടായ പ്രവർത്തനമെന്നും സംഘാടകർ പറഞ്ഞു.