പാലാ : നിയമങ്ങൾ കാറ്റിൽപ്പറത്തി നിരത്തുകളിൽ ടോറസിന്റെ മരണപ്പാച്ചിൽ. രാമപുരം, കൂത്താട്ടുകുളം, ഉഴവൂർ, കുറവിലങ്ങാട് റൂട്ടിൽ ടോറസുകളുടെയും ടിപ്പറുകളുടെയും മരണപ്പാച്ചിൽ കാൽനടയാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. ഇന്നലെ രാമപുരം - ഉഴവൂർ റോഡിൽ കൊണ്ടാട്ടിൽ കാർയാത്രക്കാരായ കുടുംബം ടോറസിന്റെ പാച്ചിലിനിടയിൽ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രാമപുരം ഭാഗത്തു നിന്ന് കുറവിലങ്ങാട്, ഉഴവൂർ, കൂത്താട്ടുകുളം ഭാഗങ്ങളിലേയ്ക്കും തിരിച്ചും അമിതഭാരം കയറ്റിയ ടോറസുകളും, ടിപ്പറുകളും, പിക്കപ്പ് ലോറികളും ദിവസേന നിരവധി സർവീസുകളാണ് നടത്തുന്നത്.
നാലമ്പല സീസൺ കൂടിയായതിനാൽ റോഡിൽ വാഹനത്തിരക്കും കൂടുതലാണ്. സ്‌കൂളുകൾക്ക് സമീപവും പ്രധാനപ്പെട്ട റോഡരികിലും ടിപ്പർ ലോറികൾ കൂട്ടമായി പാർക്ക് ചെയ്യുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. റോഡിന്റെ പകുതിയോളം സ്ഥലം കൈയടക്കിയാണ് പാർക്കിംഗ്.

ഒന്നിലധികം ലോഡുകൾ നിശ്ചിത ദിവസങ്ങളിൽ സ്ഥലത്ത് എത്തിച്ചു കൊടുത്താൽ ഡ്രൈവർമാർക്കു ശമ്പളത്തിനു പുറമെ കമ്മിഷനുണ്ട്. ഇതു നേടാനുള്ള കുതിപ്പാണ് നിരത്തുകളിൽ കാണുന്നത്. പാറമടകളിൽ ആദ്യമെത്താനും പരമാവധി ലോഡുകൾ കൊണ്ടുപോകാനുമുള്ള പരക്കം പാച്ചിലിൽ ഡ്രൈവർമാർ നിയമങ്ങൾ മറക്കുകയാണ്.

ഞങ്ങൾക്കെന്ത് നിയമം

ടോറസ്, ടിപ്പർ ലോറി തുടങ്ങയവയ്ക്ക് രാവിലെ 9 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 5 വരെയും നിരത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിയമം പലപ്പോഴും പാലിക്കപ്പെടാറില്ല. മണ്ണും മണലും കരിങ്കല്ലും കയറ്റിയ ടിപ്പറുകളുടെ മുകൾഭാഗം ഷീറ്റ് ഉപയോഗിച്ച് മൂടണമെന്നാണെങ്കിലും പാലിക്കാറില്ല. അമിതഭാരം കയറ്റിയുള്ള ഓട്ടം മൂലം റോഡുകളും തകർന്ന നിലയിലാണ്. ഹെൽമെറ്റ് പരിശോധനയുടെ പേരിൽ ഇരുചക്രവാഹനയാത്രക്കാരെ വിരട്ടുന്ന പൊലീസ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കൊലവിളിയുമായി പാഞ്ഞുവരുന്ന ടിപ്പറുകളുടെ മുന്നിൽ കണ്ണടയ്ക്കുകയാണ്.