കോട്ടയം : മഴക്കാലത്ത് റോഡിലെ സുരക്ഷ ഉറപ്പാക്കാൻ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. അഞ്ച് കെ.എസ്.ആർ.ടി.സി ബസുകൾ അടക്കം പതിനഞ്ച് വാഹനങ്ങളിൽ പ്രശ്‌നം കണ്ടെത്തി. തേഞ്ഞ ടയറുമായി ഓടിയ കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകി. ചങ്ങനാശേരി, കറുകച്ചാൽ, നാഗമ്പടം ബസ് സ്റ്റാൻഡുകളിലാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കറുകച്ചാലിൽ രണ്ടു ബസുകളിൽ ചോർച്ച കണ്ടെത്തി. ബ്രേക്ക് ലൈറ്റില്ലാത്ത എട്ട് ബസുകൾക്ക് നോട്ടീസ് നൽകി. ചങ്ങനാശേരി സ്റ്റാൻഡിൽ എത്തിയ അഞ്ച് കെ.എസ്.ആർ.ടി.സി ബസുകളുടെ ടയറുകൾ തേഞ്ഞതാണെന്ന് കണ്ടെത്തി. ഈ ബസുകളുടെ ടയറുകളുടെ കണ്ടീഷൻ പ്രൈവറ്റ് ബസ് ജീവനക്കാരാണ് ചൂണ്ടിക്കാട്ടിയത്.
ടയറുകളിൽ തൊടില്ല
ഡിപ്പോകളിൽ നിന്ന് ടയറിന്റെ അറ്റകുറ്റപ്പണി ചെയ്യാനുള്ള ക്രമീകരണം മാറ്റിയതോടെ തേഞ്ഞു തീർന്ന ടയറിൽ കഷ്‌ടപ്പെട്ട് ഓടി കെ.എസ്.ആർ.ടി.സി. കേന്ദ്രീകൃത വർക്ക്ഷോപ്പിലേയ്‌ക്കാണ് ഇപ്പോൾ ടയറിന്റെ അറ്റകുറ്റപണി ക്രമീകരിച്ചിരിക്കുന്നത്. ടയർ ക്ഷാമം മൂലം ആഴ്‌ചയിൽ 12 സർവീസുകൾ വരെ കോട്ടയം ഡിപ്പോയിൽ മുടങ്ങാറുണ്ട്. തേഞ്ഞ ടയറുകൾ മഴക്കാലത്ത് അപകടങ്ങൾക്കിടയാക്കും.
പരിശോധന തുടരും
മഴക്കാലത്ത് അപകടങ്ങൾ ഒഴിവാക്കാൻ പരിശോധന ശക്തമായി തുടരും. രാത്രിയിലും പകലും എൻഫോഴ്‌സ്‌മെന്റിന്റെ പ്രത്യേക സ്‌ക്വാഡിനെ ക്രമീകരിച്ചിട്ടുണ്ട്. വാഹന പരിശോധനയ്‌ക്കൊപ്പം അപകടസ്ഥലങ്ങളിൽ രക്ഷാപ്രവർത്തനവും നടത്തും.
ടോജോ എം.തോമസ്,എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ