പൊൻകുന്നം : നഗരത്തിന് ചുറ്റുമുള്ള ചെറുപാതകൾ സഞ്ചാരയോഗ്യമല്ലാതായതോടെ പ്രധാനപാതകളിൽ വാഹനത്തിരക്കേറി. ദേശീയപാതയടക്കമുള്ള ഹൈവേകളിൽ തിരക്ക് വർദ്ധിക്കുമ്പോൾ ചെറുവാഹനങ്ങൾ ആശ്രയിച്ചിരുന്ന ബൈപാസ് റോഡുകളാണ് തകർന്ന് തരിപ്പണമായത്. ദേശീയപാത 183 ,പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാത എന്നീ പ്രധാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ അട്ടിക്കൽ പഴയചന്ത റോഡിലൂടെ കാൽനടയാത്ര പോലും അസാദ്ധ്യമാണ്.
പാലാ ഭാഗത്ത് നിന്ന് വരുന്ന ചെറുവാഹനങ്ങൾക്ക് നഗരത്തിലെ തിരക്കിൽപെടാതെ ദേശീയ പാതയിലെത്താനും ദേശീയപാതയിലൂടെയെത്തുന്ന വാഹനങ്ങൾക്ക് തിരിച്ചും പ്രയോജനപ്പെടുന്ന റോഡാണിത്. അട്ടിക്കൽ 20ാം മൈൽ ,അട്ടിക്കൽ തമ്പലക്കാട്, റോയൽ ബൈപാസ് റോഡ് എന്നിവയും ശോച്യാവസ്ഥയിലാണ്. നേരത്തെ തകർന്നുകിടന്നിരുന്ന റോഡുകളിൽ മഴ കനത്തതോടെ നിറയെ കുഴികളാണ്. നഗരത്തോടു ചേർന്നുകിടക്കുന്ന കോയിപ്പള്ളി റോഡ്, പോസ്റ്റ് ഓഫീസ് റോഡ്, ടൗൺഹാൾ റോഡ് തുടങ്ങിയവ തകർന്നത് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കാനിടയാക്കി. ചെറുപാതകൾക്ക് ഇരുവശവും ഓട നിർമ്മിക്കണമെന്നും,മഴക്കാലത്തിനു മുൻപ് റോഡുകൾ നന്നാക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവിക്കൊണ്ടില്ല.
തകർന്നതെല്ലാം പഞ്ചായത്ത് റോഡുകളാണ്. മഴക്കാലത്തിനു മുൻപ് റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിൽ വലിയ തകർച്ച ഒഴിവാക്കാമായിരുന്നു. ഇനിയെല്ലാംപുനർനിർമ്മിക്കണം. അതുവരെ ജനം ദുരിതമനുഭവിക്കണം.
ശ്രീജിത്ത്, സുഭദ്രാ ഇലക്ട്രിക്കൽസ് ,പൊൻകുന്നം
അട്ടിക്കൽ പഴയചന്ത റോഡിന് 4 ലക്ഷം രൂപയും ആർ.ടി.ഓഫീസ് 20ാം മൈൽ റോഡിന് 5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ടെൻഡർ നപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പണികൾ തുടങ്ങും.
സ്മിതാ ലാൽ, ഗ്രാമപഞ്ചായത്ത് അംഗം
തകർന്ന റോഡുകൾ
അട്ടിക്കൽ പഴയചന്ത
കോയിപ്പള്ളി റോഡ്
പോസ്റ്റ് ഓഫീസ് റോഡ്
ടൗൺഹാൾ റോഡ്