കുറവിലങ്ങാട് : കാലവർഷത്തിനോടൊപ്പം മഴക്കാല രോഗങ്ങളും ശക്തി പ്രാപിച്ചതോടെ മേഖലയിലെ രോഗികളുടെ എണ്ണവും വർദ്ധിച്ചു. കുറവിലങ്ങാടടും പരിസര പ്രദേശങ്ങളിലും പനി പടർന്നു പിടിച്ചതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. ദിനംപ്രതി 200ലേറെ രോഗികളാണ് ഗവ. താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. ഇതിന് പുറമേ കുറവിലങ്ങാടും പരിസര പ്രദേശങ്ങളിലുമുള്ള സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവുണ്ട്. രാവിലെ ഒൻപതിന് ആരംഭിക്കുന്ന ഒാ.പി ക്യൂ ഉച്ചയ്ക്ക് ശേഷവും നീളുന്നത് രോഗികളേയും ജീവനക്കാരേയും വലയ്ക്കുന്നുണ്ട്. മഴക്കാലം ആരംഭിച്ചതോടെ പനിക്ലിനിക്കുകൾ സ്ഥാപിച്ചിരുന്നെങ്കിലും മരുന്നുകൾ വിതരണം ചെയ്യാൻ ഫാർമസിയിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് രോഗികളുടെ പരാതി. ആശുപത്രിയിലെത്തുന്നവർക്കായി ഇരിക്കുവാനുള്ള സൗകര്യം പരിമിതമാണ്. ഇത് വരാന്തകളിൽ നീണ്ട ക്യൂവിനും കാരണമാകുന്നുണ്ട്. ഇത് രോഗികളെയും രോഗികൾക്ക് ഒപ്പമെത്തുന്നവരെയും ഏറെ വലയ്ക്കുന്നുണ്ട്. അടുത്തയിടെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ ഡോക്ടർന്മാരുടെ എണ്ണം വർദ്ധിപ്പിച്ചത് രോഗികൾക്ക് ആശ്വാസം പകരുന്നുണ്ട്.