പാലാ : നാല് ദിവസം മൂന്ന് അപകടം, ഒരു മരണം. വാഹനയാത്രക്കാരുടെ പേടിസ്വപ്നമാകുകയാണ് പിഴക് പാലം. കഴിഞ്ഞ ഒരു മാസത്തിനിടെ വലുതും ചെറുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇന്നലെ രാവിലെ എട്ടിന് മുവാറ്റുപുഴയിൽ നിന്നു വന്ന കാർ പാലത്തിന്റെ കൈവരികൾ തകർത്ത് ഓട്ടോയിൽ ഇടിച്ച് നിന്നതാണ് ഒടുവിലത്തെ സംഭവം. ചാറ്റൽ മഴയോടൊപ്പം അമിതവേഗതയുമാണ് അപകടകാരണം.

വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ഞായറാഴ്ച മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചെങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നേരത്തെ പൊലീസിന്റെ സേവനമുണ്ടായിരുന്നെങ്കിലും ഇപ്പോൾ നിറുത്തലാക്കി. സ്പീഡ് നിയന്ത്രിക്കാനായി കാമറകൾ സ്ഥാപിക്കാനുള്ള നടപടികളും എങ്ങുമെത്തിയില്ല. നിലവിലുണ്ടായിരുന്ന സ്പീഡ് ബാരിയറുകൾ ഇപ്പോഴില്ല. ജീവൻ പണയംവച്ചാണ് യാത്രക്കാർ പിഴക് പാലം ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുന്നത്.