കോട്ടയം: സ്വന്തം ഫേസ്‌ബുക്ക് പേജിന്റെ ഒറ്റ ദിവസത്തെ ലൈക്കും ഷെയറും കണ്ട് കണ്ണ് തള്ളി ജില്ലാ കളക്‌ടർ..! കഷ്‌ടിച്ച് പത്തോ പതിനെട്ടോ പേർ മാത്രം ലൈക്കും ഷെയറും ചെയ്‌തിരുന്ന ജില്ലാ കളക്‌ടറുടെ ഫേസ്‌ബുക്ക് പേജാണ് ഇന്നലെ ഷെയറും ലൈക്കും കൊണ്ടു നിറഞ്ഞത്. അവധി പ്രഖ്യാപിച്ചതായി ഞായറാഴ്‌ച വൈകിട്ട് ഏഴരയോടെയാണ് കളക്‌ടർ പോസ്റ്റ് ചെയ്‌തത്. 206 ഷെയറും 2800 കമന്റും 3400 ലൈക്കുമാണ് നിമിഷ നേരം കൊണ്ട് ലഭിച്ചത്. 18.390 പേരുടെ ആകെ ലൈക്ക് മാത്രമുള്ള പേജിലാണ് ഇന്നലെ കൂട്ടായ 'ആക്രമണം' ഉണ്ടായത്. ഇതിനു തൊട്ടു മുൻപ് കളക‌്ടറുടെ പേജിലിട്ട പോസറ്റിന് ആകെ ലഭിച്ചത് 18 കമന്റും, 124 ലൈക്കും ഒരു ഷെയറും മാത്രമായിരുന്നു.
അവധി പ്രഖ്യാപിച്ചിട്ടും കളക്‌ടറുടെ എഫ്.ബി പേജിലെ ട്രോളന്മാരുടെ ആക്രമണം കുറഞ്ഞില്ല. അവധി ആവശ്യപ്പെട്ടുള്ള ട്രോളുകളും, കമന്റുകളും പ്രവഹിക്കുകയാണ്. ഇന്നലെ കോട്ടയം ജില്ലയിൽ നാല് പഞ്ചായത്തിലും നഗരസഭയിലും മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചത്. എന്നാൽ, ഇത് സമ്മതിക്കില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ കമന്റ്. പാലായിലും ഈരാറ്റുപേട്ടയിലും മഴയാണെന്നും അവധി വേണമെന്നുമായി ഒരു വിഭാഗം. ജില്ല മുഴുവൻ അവധി വേണമെന്നും, ഇതിനെ പിന്തുണയ്‌ക്കുന്നവർക്ക് ലൈക്ക് ചെയ്യാൻ അഭ്യർത്ഥിച്ചും ഒരു കൂട്ടർ കമന്റിട്ടു.
അവധി ലഭിച്ച പഞ്ചായത്തിലെയും കോട്ടയം നഗരസഭയിലെയും കുട്ടികൾ കളക്‌ടർക്ക് നന്ദി പറഞ്ഞപ്പോൾ, അവധി ലഭിക്കാത്ത സ്ഥലങ്ങളിലുള്ളവർ ക്ഷുഭിതരായി. പലരും കളക്‌ടറുടെ പോസ്റ്രിനു താഴെയെത്തി 'കണ്ണീർ പൊഴിച്ചു". മഴയത്ത് വീട്ടിൽ നിന്നിറങ്ങിപ്പോയി എനിക്കെന്തെങ്കിലും സംഭവിച്ചാൽ ... എന്നായിരുന്നു ഒരു കമന്റ്. അവധി തന്നില്ലെങ്കിൽ ഒരു വഞ്ചിയെങ്കിലും തരണമെന്നായിരുന്നു മറ്റൊരു വിദ്യാർത്ഥിയുടെ കമന്റ്. കുറവിലങ്ങാട് പഞ്ചായത്തിലും മഴയാണെന്നും, അവധി തരണമെന്നായിരുന്നു രണ്ടു മണിക്കൂർ കുറവിലങ്ങാട് കവലയിൽ പോസ്റ്റടിച്ചു നിന്ന യുവാവിന്റെ പോസ്റ്റ്. ഇന്ന് അവധി ലഭിക്കുമോ എന്നറിയാൻ ഒളിച്ചും പാത്തും ഇന്നലെയും കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിൽ വിദ്യാർത്ഥികളുടെ തിരക്കായിരുന്നു.