കോട്ടയം : ശക്തമായ മഴയിൽ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിന്റെ പിടിയിൽ. കുമരകം, തിരുവാർപ്പ്, ആർപ്പൂക്കര, അയ്മനം പഞ്ചായത്തുകളുടെ ഭൂരിഭാഗം പ്രദേശങ്ങളിൽ വെള്ളംകയറി. കാഞ്ഞിരം- തിരുവാർപ്പ്, ഇല്ലിക്കൽ - കാഞ്ഞിരം റോഡുകളിൽ മൂന്നടിയോളം വെള്ളം കയറി. തിരുവാർപ്പ്, കാഞ്ഞിരം, മലരിക്കൽ, പരുത്തിയകം, കിളിരൂർ, ചെങ്ങളം, മോർകാട് കരിയിൽ കോളനി, കണ്ണാടിച്ചാൽ പ്രദേശങ്ങളിലാണ് ഏറെ ദുരിതം. കാരാപ്പുഴയിൽ മുപ്പതോളം വീടുകളിൽ വെള്ളം കയറിട്ടുണ്ട്. കാരാപ്പുഴ വയസ്കരചിറയിൽ രോഗാവസ്ഥയിൽ കട്ടിലിൽ തന്നെ കഴിയുന്ന ശശിയുടെ വീടിന് ചുറ്റും വെള്ളമാണ്.

ഈശ്വരമഠത്തിൽചിറ ഭാഗത്തും വെള്ളപ്പൊക്കം രൂക്ഷമാണ്. രണ്ടുമാസം മുൻപ് നിർമ്മിച്ച തിരുവാർപ്പ് താട്ടാർകാട്, വെങ്ങാലിക്കാട് പാടശേഖരത്തിലെ മോട്ടോർതറ വെള്ളപ്പൊക്കത്തിൽ തകർന്നു. കാരാപ്പുഴ, തിരുവാർപ്പ്, നാട്ടകം, പെരുമ്പായിക്കാട്, താമരശേരി കോളനി എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മീനച്ചിലാറും കൈവഴിവകളും കരകവിഞ്ഞ് ഒഴുകുകയാണ്. തോട്ടിലെ പോള നീക്കം ചെയ്യാത്തതാണ് കാരാപ്പുഴ പ്രദേശത്തെ വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞവർഷത്തെ കനത്ത പ്രളയത്തിന് ശേഷവും മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ല. ജില്ലയിൽ 99 കുടുംബങ്ങളിലെ നാനൂറോളം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ബോട്ട് സർവീസ് നീട്ടണം

വെള്ളപ്പൊക്കത്തിൽ പടിഞ്ഞാറൻ പ്രദേശങ്ങളിലുണ്ടാകുന്ന യാത്രാദുരിതം പരിഹരിക്കാൻ ആലപ്പുഴ- കോട്ടയം ബോട്ട് സർവീസ് കോടിമത വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ തിരുവാർപ്പ് പ്രദേശത്തെ യാത്രാദുരിതം പരിഹരിക്കാൻ ബോട്ട് സർവീസ് കോടിമത വരെ പുനസ്ഥാപിക്കുമെന്ന് കളക്ടർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ജലപാതയിലെ പൊക്കുപാലത്തിന്റെ പേരിലാണ് ബോട്ട് സർവീസ് കാഞ്ഞിരം ജെട്ടിയിൽ അവസാനിപ്പിച്ചത്. കോടിമത വരെ ബോട്ട് സർവീസ് നീട്ടണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ യുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭവും സംഘടിപ്പിച്ചിരുന്നു.