കോട്ടയം : പ്രളയക്കെടുതി അനുഭവിച്ചവരെ സഹായിക്കാനെന്ന പേരിൽ കോടികൾ തട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ.സി ജോസഫ് എം.എൽ.എ പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷന്റെ വരവേല്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം നേതാക്കളും ഭരണാധികാരികളും എസ്.എഫ്.ഐയുടെ അക്രമവും പരീക്ഷാ ക്രമക്കേടുകളും ന്യായീകരിക്കുകയാണ്. ഇതിനെ എല്ലാം കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇത് കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് കെ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ബി.രവീന്ദ്രൻ, ടി.എസ് സലിം, ജി.ഗോപകുമാർ, രഞ്ജു കെ.മാത്യു, പി.കെ മണിലാൽ, പി.വി ഷാജിമോൻ, പി.ഡി ഉണ്ണി, പി.എസ് ശ്രീനിവാസൻ, ബേബി ദാനിയേൽ എന്നിവർ പ്രസംഗിച്ചു.