തലയോലപ്പറമ്പ് : മാസങ്ങളായി ഉത്പാദനം നിലച്ച് അടച്ചുപൂട്ടൽ പ്രതിസന്ധി നേരിടുന്ന എച്ച്. എൻ. എൽ.ന്റെ പുനരുദ്ധാരണത്തിന് നൂതനനിർദ്ദേശങ്ങൾ സമർപ്പിച്ചുകൊണ്ട് റിട്ടെഡ് എംപ്ലോയീസ് അസോസിയേഷൻ കേന്ദ്രമന്ത്രി വി. മുരളീധരന് നിവേദനം സമർപ്പിച്ച് ചർച്ച നടത്തി.ബി. ജെ. പി. വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് പി. ജി. ബിജുകുമാറിന്റെ നേതൃത്വത്തിൽ അസോസിയേഷൻ സെക്രട്ടി എ. കെ. മുരളീധരൻ നായർ നിവേദനം നൽകി. ആലുവ ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ബി. ജെ. പി. വെള്ളൂർ മണ്ഡലം പ്രസിഡന്റ് പി. എം. ചന്ദ്രശേഖരൻ നായർ, ബി. എം. എസ്. നേതാക്കളായ എം. എസ്. മനു, പി. സി. ബിനീഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കേന്ദ്രഖനവ്യവസായ മന്ത്രാലയവുമായി ചർച്ച ചെയ്ത് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളുടെ സാദ്ധ്യതാവശങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി വി. മുരളീധരൻ വ്യക്തമാക്കി.
പ്രധാന നിർദ്ദേശങ്ങൾ
300 ടൺ ശേഷിയുള്ള ഡിഇങ്കിംഗ് പ്ലാന്റ് സ്ഥാപിച്ച് ഉപയോഗശൂന്യമായ പേപ്പറുകൾ ഉപയോഗിച്ച് ന്യൂസ്പ്രിന്റും, റൈറ്റിംഗ്, പ്രിന്റിംഗ് പേപ്പറുകളും ഉൽപാദിപ്പിക്കാം. ഇതുമൂലം കറന്റ് ചാർജ്ജ് ഇനത്തിൽ ഒരു വർഷം കുറഞ്ഞത് 40 കോടിയോളം രൂപ ലാഭമുണ്ടാക്കാം, നിലവിൽ പ്രവർത്തിക്കുന്ന പൾപ്പ് പ്ലാന്റുകൾ നിർത്തലാക്കുന്നതുവഴിയാണ് ഈ നേട്ടം ഉണ്ടാകുന്നത്. ഇതുമൂലം മലിനീകരണ തോത് ലഘൂകരിക്കുകയും പ്രതിവർഷം ഉദ്ദേശം മൂന്നര കോടിയോളം രൂപയുടെ നേട്ടമുണ്ടാകുകയും ചെയ്യും. പേപ്പറിന്റെ ഗുണനിലവാരം വർദ്ധിക്കുതുമൂലം വിലയും മെച്ചപ്പെടും. നിലവിലുള്ള ഡിഇങ്കിംഗ് പ്ലാന്റിൽ നിന്നും ലഭിക്കുന്ന പൾപ്പിനോടൊപ്പം പേപ്പർ പൾപ്പിൽ നിന്നും ലഭിക്കുന്ന വേസ്റ്റ് പൾപ്പും ഉപയോഗിച്ച് ക്രാഫ്റ്റ് പേപ്പറുകൾ ഉൽപ്പാദിപ്പിക്കാനും കഴിയും. വനവിഭവഅസംസ്‌കൃത വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കാവുതുമൂലം പരിസ്ഥിതി നശീകരണവും ഒഴിവാകും. എച്ച്. എൻ. എൽലെ ജനറേറ്ററിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന കറന്റ് കമ്പനിയുടെ ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്നത് കെ. എസ്. ഇ. ബി.ക്ക് മിതമായ വിലയ്ക്ക് സപ്ലൈ ചെയ്യാൻ സാധിക്കും. ഇതിനാവശ്യമായ 110 കെ. വി. വൈദ്യുതി ലൈൻ നിലവിൽ ഉണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഏഴുമാസമായി നിശ്ചലാവസ്ഥയിലായതും, പത്തുമാസമായി ശമ്പളവും റിട്ടെയർമെന്റ് ആനുകൂല്യങ്ങളും നൽകാൻ കഴിയാത്തതുമായ കമ്പനിയുടെ തുടർ പ്രവർത്തനങ്ങൾ സുഗമമാക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പ് മന്ത്രിക്കും അസോസിയേഷൻ സമർപ്പിച്ചിട്ടുണ്ട്.