തലയോലപ്പറമ്പ് : കനത്തമഴയിൽ കുന്നപ്പിള്ളികാരക്കോട് എം.വി.ഐ.പി. കനാലിന്റെ ഇരുവശങ്ങളിലെ മണ്ണും മരങ്ങളും കനാലിലേക്ക് ഇടിഞ്ഞുവീണു. മൂർക്കാട്ടിൽപ്പടി സ്വദേശികളായ പൂവത്തിങ്കൽ മോഹനൻ, മണലോടിയിൽ ചാക്കോ എന്നിവരുടെ പുരയിടത്തിലൂടെ കടന്നുപോകുന്ന കനാലിന്റെ വശങ്ങളാണ് ഇടിഞ്ഞു വീണത്. മണ്ണിനൊപ്പം നിരവധി റബർ മരങ്ങളും നിലംപൊത്തി. നിലവിൽ നിർമ്മിണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. ഇന്നലെ പുലർച്ചെ പെയ്ത ശക്തമായ മഴയിലാണ് സംഭവം. കനാൽ കടന്നു പോകുന്ന വരാക്കുന്നേൽ കോളനി, പുതുമാലക്കുഴി എന്നീ പ്രദേശങ്ങളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്.