കോട്ടയം: ഉച്ചവരെ പുറത്തിറങ്ങാൻ പറ്റാത്ത ചൂട്. ഉച്ചയ്ക്ക് ശേഷം ചാറ്റൽ മഴ. പിന്നെ വീണ്ടും ഇരുണ്ടു മൂടി. പിടി തരാതിരിക്കുകയാണ് കാലാവസ്ഥ. ഇതിനിടെ മീനച്ചിൽ, മണിമലയാറുകളിലെ ജലനിരപ്പ് താഴ്ന്നത് ആശ്വാസമായി. പുതുതായി ക്യാമ്പുകളൊന്നും തുറന്നിട്ടില്ല.
ഇത്രയും തകർപ്പൻ മഴപെയ്തതിന്റെ ഒരു ലക്ഷണവുമില്ലാത്ത ചൂടായിരുന്നു ഇന്നലെ ഉച്ചവരെ. പകൽ ചൂട് 30.4 ഡിഗ്രി സെൽഷ്യസ്. ഇന്നലെ ജില്ലയിൽ മഴ തീരെ കുറവായിരുന്നു. ജില്ലയിൽ ഇനി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദുരന്ത നിവാരണ വിഭാഗവും പറയുന്നു.
നദികളിൽ ജലനിരപ്പ് താഴുന്നു
രണ്ട് ദിവസമായി കുത്തിയൊഴുകിയ ജില്ലയിലെ നദികളുടെ ജലനിരപ്പ് ഇന്നലെ രാവിലെ മുതൽ താഴ്ന്നു. അതേസമയം പടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞെങ്കിലും വെള്ളം ഇറങ്ങിത്തുടങ്ങുന്നതേയുള്ളൂ. മീനച്ചിലാറ്റിൽ ഇന്നലെ പാലാ ഭാഗത്ത് 8.78 അടിയും പേരൂർ ഭാഗത്ത് 4.50 അടിയുമായിരുന്നു ജലനിരപ്പ്. മണിമലയിൽ 12.14അടിയും. കഴിഞ്ഞ ദിവസങ്ങളേക്കാൾ മൂന്നടിയിലേറെ ജലനിരപ്പ് രണ്ട് ആറുകളിലും താഴ്ന്നിട്ടുണ്ട്.