കോട്ടയം: മൂന്ന് മാസത്തിനിടെ റേഷൻ വാങ്ങാത്ത മുൻഗണന വിഭാഗത്തിലുള്ളവരുടെ പട്ടിക നൽകാൻ ജില്ലാ സപ്ളൈ ഓഫീസർ ആവശ്യപ്പെട്ടിട്ടും മൂന്ന് താലൂക്കുകൾ അനുസരിച്ചില്ല. വൈക്കം, കാഞ്ഞിരപ്പള്ളി താലൂക്കുകൾ മാത്രമാണ് റിപ്പോർട്ട് നൽകിയത്.

മുൻഗണന കാർഡുള്ള പലരും റേഷൻ കൈപ്പറ്റുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ഇത്തരക്കാരുടെ പട്ടിക പരിശോധിച്ച് വിശദീകരണം വാങ്ങുകയും കാർഡുകൾ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുകയോ റദ്ദ് ചെയ്യുകയോ ആയിരുന്നു ലക്ഷ്യം. പക്ഷേ, താലൂക്ക് തലത്തിൽ നിന്ന് റിപ്പോർട്ട് ലഭിക്കാതെ വന്നതോടെ ഇത്തരക്കാരെ കണ്ടെത്താനായില്ല. തദ്ദേശ സ്വയംഭരണം, മോട്ടോർ വാഹന വകുപ്പുകളുടെ ഡാറ്റ പരിശോധിച്ച് അനർഹരെ കണ്ടെത്തി ഒഴിവാക്കുന്നുണ്ടെങ്കിലും വേഗം പോര.

 അർഹർ ഇപ്പോഴും പുറത്ത്

റേഷൻ കാർഡ് പുതുക്കലിനെ തുടർന്ന് നേരത്തെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട നിരവധിപേർ മുൻഗണനേതര കാർഡുകളിലാണ്. കിടപ്പാടം പോലുമില്ലാത്ത നിർദ്ധനരുമുണ്ട്. അർഹതയുണ്ടായിട്ടും കാർഡിൽ നിന്ന് പുറത്തായതിനെ തുടർന്ന് നിരവധിപേർ ദുരിതമനുഭവിക്കുമ്പോഴാണ് മുൻഗണനാ കാർഡ് ലഭിച്ചിട്ടും റേഷൻ വാങ്ങാതെ മറ്റ് ആവശ്യങ്ങൾക്കായി കാർ‌ഡ് കൈവശം വയ്ക്കുന്നത്.

ഇതാണ് ലക്ഷ്യം

 ആനുകൂല്യങ്ങൾക്കായി മാത്രം കാർഡ് നേ‌ടിയവരെ പിടികൂടുക

 കാർഡുടമകളോട് റേഷൻ വാങ്ങാത്തതിനു വിശദീകരണം തേടുക

 പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുകയോ റദ്ദാക്കുകയോ ചെയ്യുക

 അർഹരായ നിർദ്ധനർക്ക് മുൻഗണനാ കാർഡ് ലഭ്യമാക്കുക

 നിർദേശം അവഗണിച്ച താലൂക്കുകൾ

കോട്ടയം, ചങ്ങനാശേരി, മീനച്ചിൽ