കോട്ടയം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാതയോരങ്ങളിൽ നിന്ന് നീക്കം ചെയ്ത പരസ്യബോർഡുകൾ വീണ്ടും തലപൊക്കുന്നതിനെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് നടപടി കടുപ്പിക്കുന്നു.

ഇത് സംബന്ധിച്ച് നിലവിലുള്ള ഉത്തരവുകൾക്ക് പുറമെ പുതിയ മാർഗനിർദ്ദേശങ്ങൾ കൂടി കഴിഞ്ഞദിവസം സർക്കാർ പുറപ്പെടുവിച്ചു. പരസ്യ ബോ‌ർഡുകൾ നീക്കം ചെയ്യുന്ന കാര്യത്തിൽ വീഴ്ചവരുത്തിയാൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി, ഫീൽ‌ഡ് സ്റ്റാഫ് എന്നിവർക്കെതിരെ നടപടി സ്വീകരിക്കുന്നതുൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങളാണ് പുതിയ ഉത്തരവിലുള്ളത്. നഗരകാര്യ ഡയറക്ടർ, പഞ്ചായത്ത് ഡയറക്ടർ, നോഡൽ ഓഫീസർമാർ എന്നിവർ പഞ്ചായത്ത്/ നഗരസഭ സെക്രട്ടറിമാർക്ക് ആവശ്യമായ മാർഗനിർദ്ദേശം നൽകേണ്ടതും പ്രവർത്തനം വലിയിരുത്തി വീഴ്ചവരുത്തുന്നവരുടെ വിവരം റിപ്പോർട്ട് ചെയ്യുകയും വേണം. അനധികൃത പരസ്യബോർഡുകൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പേര് സഹിതം റിപ്പോർട്ട് ചെയ്യാൻ ജില്ല കളക്ടർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പരസ്യബോർഡുകളും മറ്റും നീക്കം ചെയ്തതിന്റെ റിപ്പോർട്ട് എല്ലാമാസവും പത്താം തീയതിക്കുമുമ്പ് വകുപ്പ് ഡയറക്ടർക്ക് സമർപ്പിക്കണം.

മാർഗ നിർദ്ദേശങ്ങൾ

 അനധികൃതമായി ഫ്ലക്സ്, ബാനർ, പരസ്യബോർ‌ഡുകൾ, കൊടികൾ സ്ഥാപിക്കാൻ ആരെയും അനുവദിക്കരുത്.

 അനുമതിയോടുകൂടി സ്ഥാപിക്കുന്നവർ നിശ്ചിത തീയതിക്കുശേഷം സ്വന്തം നിലയിൽ എടുത്തുമാറ്റണം.

 അനധികൃതമായി സ്ഥാപിച്ചവരെക്കൊണ്ടുതന്നെ നീക്കം ചെയ്യിക്കുകയും കേസ് എടുക്കുകയും വേണം.

 നീക്കം ചെയ്ത ഫ്ലക്സും മറ്റും പൊതുസ്ഥലത്തൊ, മാലിന്യ സംസ്കരണ കേന്ദ്രത്തിലൊ നിക്ഷേപിക്കാൻ പാടില്ല.

 അനധികൃത ബോർഡുകൾ സ്ഥാപിക്കുന്ന പരസ്യ ഏജൻസികളുടെ ലൈസൻസ് റദ്ദാക്കണം