തലയോലപ്പറമ്പ് : ശക്തമായ കാറ്റിൽ മരങ്ങൾ വീണ് മൂന്ന് വീടുകൾ തകർന്നു. ഇന്നലെ രാവിലെ 6 മണിയോടെ കുലശേഖരമംഗലം കൊച്ചങ്ങാടിയ്ക്ക് സമീപം കുളങ്ങര വീട്ടിൽ കെ.ഇ ഉമ്മറിന്റെ വീട് റോഡരികിൽ നിന്ന കൂറ്റൻ തേക്ക് മരം ഇലട്രിക്ക് ലൈനിന് മുകളിലൂടെ വീടിന്റെ മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു.സംഭവ സമയത്ത് വീടിന് മുൻവശത്ത് ഇരിക്കുകയായിരുന്ന വീട്ടുകാർ ഉടൻ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ വൈക്കത്ത് നിന്നും ഫയർ യൂണിറ്റെത്തിയാണ് മരം മുറിച്ച് നീക്കിയത്. വീടിന്റെ മേൽക്കൂര തകർന്ന് ഭിത്തിക്ക് വിള്ളലുകൾ വീണു. ഉച്ചയ്ക്ക് 2 മണിയോടെ തലയോലപ്പറമ്പ് വടയാർ ഇൻഫന്റ് ജീസസ് സ്‌കൂളിന് സമീപം പുരയിടത്തിൽ നിന്ന കൂറ്റൻ തേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് വടയാർ സുന്ദരക്കാട്ട് പ്രസാദിന്റെ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര ഭാഗീകമായി തകർന്നു. വൈകിട്ട് 3 മണിയോടെ വടയാർ എട്ടടി പാലത്തിന് സമീപം പുരയിടത്തിൽ നിന്ന ആഞ്ഞിലിമരം ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂരയിലേക്ക് കടപുഴകി വീണ് വടയാർ ഒട്ടാറശ്ശേരിൽ സരളയുടെ വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. സംഭവ സമയത്ത് വീട്ടുകാർ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവാകുകയായിരുന്നു.