thidanad

തിടനാട് : പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തിൽ തിടനാട് പഞ്ചായത്ത് നടപ്പിലാക്കിയ 'ബോട്ടിൽ ബൂത്ത്' വിപ്ലവം ഹരിതകേരള ദൗത്യത്തിന് മാതൃകയാകുന്നു. പ്രവർത്തനം തുടങ്ങി രണ്ടുമാസം പൂർത്തിയായപ്പോഴേക്കും സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിടനാട് മോഡൽ നടപ്പിലാക്കാനുള്ള തിരക്കിലാണ്. തികച്ചും ലളിതമായ സാങ്കേതികവിദ്യ മാത്രമാണെങ്കിലും ഒരിടത്ത് നടപ്പിലാക്കിയ പദ്ധതിയെന്നനിലയിൽ അതിന്റെ ഗുണ-ദോഷവശങ്ങൾ അറിയാൻ നിരവധി ഫോൺ വിളികളാണ് ദിവസവും പഞ്ചായത്തിലെത്തുന്നത്. ശബരിമല തീർത്ഥാടകരും വിനോദസഞ്ചാരികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ യാത്രചെയ്യുന്ന പാതയോരത്ത് ഒരോകിലോമീറ്റർ ഇടവിട്ട് ഇരുവശവും രണ്ടുബൂത്തുകൾ വീതമാണ് സ്ഥാപിച്ചിരിക്കുന്നത്. പഞ്ചായത്ത് നിവാസികൾക്ക് പുറമെ ഇതുവഴിപോകുന്ന യാത്രക്കാർക്കും പ്രയോജനപ്പെടുന്നതിനാണ് റോഡരുകിൽതന്നെ ബൂത്ത് സ്ഥാപിച്ചത്. മദ്യകുപ്പികളും കുടിവെള്ള ബോട്ടിലുകളുമൊക്കെ വാഹനത്തിൽ ഇരുന്ന് പുറത്തേക്ക് വലിച്ചെറിയുന്നവരും തിടനാട് വഴി കടന്നുപോകുമ്പോൾ ശീലം മാറ്റി തുടങ്ങിയെന്നാണ് ഓരോ ബൂത്തിലും നിന്ന് ലഭിക്കുന്ന സൂചനകൾ. കുറഞ്ഞ സമയത്തിനുള്ളിൽ പല ബൂത്തും കുപ്പികൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. 'ഇവിടെ മാലിന്യം നിക്ഷേപിക്കരുത്' എന്ന് മുന്നറിയിപ്പ് ബോർഡുവച്ചാൽ അവിടം മാലിന്യകൂമ്പാരമാക്കുന്ന മലയാളിയുടെ അനുസരണക്കേട് തിരുത്തിക്കുറിക്കുന്നതുകൂടിയാണ് തിടനാട്ടിലെ ബൂത്ത് വിപ്ലവം. കുപ്പികൾ നിക്ഷേപിക്കാൻ സ്ഥാപിച്ച ബൂത്തിൽനിന്ന് ഇതുവരെ ലഭിച്ചതിൽ 90 ശതമാനവും കുപ്പികളാണ്. ബൂത്തുകളിൽ നിന്നും ശേഖരിക്കുന്ന കുപ്പികൾ ക്ലീൻ കേരള കമ്പനിക്കാണ് കൈമാറുന്നത്.

ഉപയോഗശൂന്യമായ കുപ്പികൾ പൊതുനിരത്തിലും ജലാശയങ്ങളിലും വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിനൊപ്പം പ്ലാസ്റ്റിക് എന്ന മാരകവിപത്തിനെതിരായ ബോധവത്കരണവും ലക്ഷ്യമിട്ടാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്. പൊതുവഴികളിലും , വീടിന്റെ പരിസരത്തും പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്ന ജനങ്ങളുടെ മനോഭാവത്തിന് ചുരുങ്ങിയ സമയംകൊണ്ടുതന്നെ വലിയമാറ്റം വരുത്താനായെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ വിലയിരുത്തൽ.

ബോട്ടിൽ ബൂത്ത്

ഇരുമ്പുകമ്പികൾ കൊണ്ടുനിർമ്മിച്ച മേൽക്കൂരയോടുകൂടിയതും കോഴിക്കൂടിന്റെ മാതൃകയിലുള്ളതുമായ ചതുരപ്പെട്ടികളാണ് ബോട്ടിൽ ബൂത്ത്. ഇതിൽ കുപ്പികൾ നിക്ഷേപിക്കുന്നതിന് പ്രത്യേകം സംവിധാനവും നിക്ഷേപിക്കുന്ന കുപ്പികളുടെ ദുരുപയോഗം തടയാൻ താഴിട്ട് പൂട്ടിയ വാതിലുകളുമുണ്ട്.