ഉഴവൂർ : മോനിപ്പള്ളി റോഡിന്റെ ടൗണിനോടു ചേർന്നുള്ള ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ട് കാൽനടയാത്രക്കാരെയും വാഹന യാത്രക്കാരെയും വലയ്ക്കുന്ന പശ്ചാത്തലത്തിൽ ഇത് ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ ഉഴവൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ പെരുമഴയിൽ ഈ വെള്ളക്കെട്ടിനു സമീപമുള്ള പാടം നിറയുകയും അതിനു സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷകണക്കിനു രൂപയുടെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു. അത് ഈ വർഷവും ആവർത്തിച്ചാൽ ഇനിയും നഷ്ടങ്ങൾ ഉണ്ടാകും അതിനാൽ എത്രയും പെട്ടെന്ന് വേണ്ട നടപടി എടുക്കണമെന്നുമാണ് സി.പി.ഐയുടെ ആവശ്യം. ലോക്കൽ കമ്മറ്റി സെക്രട്ടറി വിനോദ് പുളിക്കനിരപ്പേൽ അദ്ധ്യക്ഷത വഹിച്ച യോഗം കടുത്തുരുത്തി മണ്ഡലം സെക്രട്ടിയേറ്റംഗം സണ്ണി ആനാലിൽ ഉദ്ഘാടനം ചെയ്തു. അബ്രാഹം കാറത്താനത്ത്, സ്റ്റീഫൻ ചെട്ടിക്കൻ, റോയി തെനംകുഴി, ഫിലിപ്പ് വേലിക്കെട്ടേൽ, ഷാജി പന്നിമറ്റത്തിൽ, വി.റ്റി.ലൂക്കോസ്, ഷിബു പി.ആർ, സജി കുഴിപ്പിൽ, കെ.പി.സുധീർ, തോമസ് പുറ്റത്താക്കൽ എന്നിവർ പങ്കെടുത്തു.