വൈക്കം: കോളനിയ്ക്കുള്ളിൽ നിർമ്മിച്ച റോഡിനെ പ്രധാന നിരത്തുമായി ബന്ധിപ്പിക്കാത്തതിനാൽ റോഡ് തങ്ങൾക്ക് ഗുണകരമല്ലെന്ന പരാതിയുമായി തലയാഴം മാടപ്പള്ളിക്കര മാന്തുവള്ളി കോളനി നിവാസികൾ. ജോസ് കെ.മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് കോളനിയ്ക്കുള്ളിൽ റോഡ് നിർമ്മിച്ചതെങ്കിലും പ്രധാന നിരത്തിൽ നിന്ന്18 മീറ്റർ വിട്ട് കോൺക്രീറ്റ് ചെയ്തതിനാൽ റോഡ് ഉപകാരപ്രദമായില്ലെന്ന് കോളനി നിവാസികൾ കുറ്റപ്പെടുത്തുന്നു. കോളനിക്കകത്ത് അഞ്ച് സെന്റ് വിസ്തൃതിയുള്ള പൊതുകുളവുമായി റോഡിനെ ബന്ധിപ്പിക്കണമെന്ന കോളനി നിവാസികളുടെ ആവശ്യവും അധികൃതർ മുഖവിലയ്‌ക്കെടുത്തില്ല. പ്രധാന റോഡിനും കോളനി റോഡിനുമിടയിലുള്ള 18 മീറ്റർ സ്ഥലത്ത് റോഡ് നിർമ്മിക്കാതെ അംഗനവാടി നിർമ്മിക്കുമെന്നാണ് പഞ്ചായത്ത് അംഗം അറിയിച്ചതെന്നു കോളനി നിവാസികൾ പറയുന്നു. കോളനിയിലെ മലിനജലവും പെയ്ത്തു വെള്ളവും ഒഴുകി നിറയുന്ന ഓടയ്ക്കരികിൽ അംഗനവാടി ആരംഭിക്കുന്നതിനുള്ള നീക്കം അധികൃതർ ഉപേക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. നാലു സെന്റ് സ്ഥലം സർക്കാരിൽ നിന്ന് പതിച്ചു കിട്ടിയ 25 കുടുംബങ്ങളാണ് കോളനിയിലുള്ളത്. കോളനി റോഡിനെ പ്രധാന നിരത്തുമായി ബന്ധിപ്പിച്ച് റോഡിന്റെ പ്രയോജനം പൂർണമായി കോളനി നിവാസികൾക്ക് ലഭ്യമാക്കുന്നതിന് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് കോളനി നിവാസികൾ ആവശ്യപ്പെട്ടു.
പ്രധാന റോഡുമായി ബന്ധമില്ല
പത്ത് ലക്ഷം രുപാ മുടക്കി നിർമ്മിച്ചു
18 മീറ്റർ വിട്ട് കോൺക്രീറ്റ് ചെയ്തു
18 മീറ്രറിൽ അംഗനവാടി ആരംഭിക്കാൻ നീക്കം
25 കുടുംബങ്ങളുടെ യാത്രാ മാർഗം