bridge

കടുത്തുരുത്തി: നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട മുണ്ടാറിൽ ജനപ്രതിനിധികൾ വാഗ്ദാനം ചെയ്ത പാലം ഇന്നും നാട്ടുകാർക്ക് വിദൂരസ്വപ്നമായി അവശേഷിക്കുന്നു. കഴിഞ്ഞ വർഷം കനത്തമഴയിൽ വെള്ളപ്പൊക്ക ദുരിത റിപ്പോർട്ട് ചെയ്യാൻ പോയ മാദ്ധ്യമ സംഘത്തിലെ സജി, ബിബിൻ എന്നിവരുടെ ജീവൻ ഇവിടെ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഇവിടെ പാലം പണിയുമെന്ന് മുണ്ടാർ നിവാസികൾക്ക് ജനപ്രതിനിധികൾ ഉറപ്പ് നൽകിയിരുന്നെങ്കിലും ദുരന്തം സംഭവിച്ച് ഒരു വർഷം തികഞ്ഞിട്ടും എഴുമാംകായലിന് കുറുകെ മുണ്ടാറിലേക്കുള്ള പാലത്തിന്റെ നിർമ്മാണം പാതിവഴിയിൽ പോലും എത്തിയിട്ടില്ല. നിലവിൽ പാലത്തിന്റെ തൂണുകൾ മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്. പാലത്തിന്റെ മേൽത്തട്ട് വാർക്കൽ, അപ്രോച്ച് റോഡിന്റെ നിർമ്മാണം ഉൾപ്പെടെയുള്ളവ ഇനിയും പൂർത്തിയാക്കാൻ ഉണ്ട്. തൂണുകളുടെ വശത്ത് കൂടി കായലിൽ മരക്കമ്പ് നാട്ടിയുള്ള താത്കാലിക പാലമാണ് മുണ്ടാറിലെ 40ലധികം കുടുംബങ്ങളുടെ നിവാസികളുടെ ഏക ആശ്രയം. ഇതിലുടെയാണ് പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്നത്.

സി.കെ. ആശ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 35 ലക്ഷം രൂപ പാലത്തിന്റെ നിർമ്മാണത്തിനായി മാറ്റിവച്ചിരുന്നു. എന്നാൽ പാലം നിർമ്മിക്കുന്നതിനുള്ള ഫണ്ട് ഇല്ലെന്ന പേരിലാണ് പാലം നിർമ്മാണത്തിന് തിരിച്ചടി നേരിട്ടത്. ഇനിയും വലിയ ദുരന്തങ്ങൾ ഉണ്ടാകുന്നതിന് മുമ്പായി പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.

 മുണ്ടാർ

 കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കൊല്ലക്കേരിയിൽ നിന്നാണ് മുണ്ടാറിലേക്കുള്ള വഴി തുടങ്ങുന്നത്.

 വൈക്കം മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നു

 2500 ഏക്കറോളമുള്ള മുണ്ടാറിൽ കർഷകരും കർഷക തൊഴിലാളികളും, ഉൾനാടൻ മത്സ്യത്തൊഴിലാളികളുമുൾപ്പെടെ താമസിക്കുന്നത് -- 350 ഓളം കുടുംബങ്ങൾ

 പ്രതികരണം

" പാലം നിർമ്മാണം പൂർത്തിയാവത്തത് ഏറെ ദുരിതമാണ്. ആകെയുള്ള രണ്ടടി തടിപ്പാലത്തിലൂടെയാണ് ആളുകൾ നടക്കുന്നത്. ഇത് ഏറെ ബുദ്ധിമുട്ടാണ്. മുണ്ടാറിലേക്ക് പോവാൻ വേറെ വഴി ഒന്നും ഇല്ലാത്തതിനാൽ തടിപ്പാലം തന്നെയാണ് ഏക ആശ്രയം '

അമ്പിളി , പ്രദേശവാസി

--- മുണ്ടാറിലേക്കുള്ള പാലത്തിന്റെ നിർമ്മാണത്തിനായി എഴുമാംകായലിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന തൂണുകൾ. ഇതിന്റെ സമീപത്തായി പ്രദേശവാസികൾ ഇപ്പോൾ ഉപയോഗിക്കുന്ന താത്കാലിക തടിപ്പാലവും കാണാം