കോട്ടയം: ഇന്ന് നടക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരുടെ വിപ്പ് ജയിക്കും.? പി.ജെ.ജോസഫും ജോസ് കെ. മാണിയും പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് രണ്ട് വിപ്പ് നൽകിയതോടെ ഒരു വിഭാഗത്തെ അംഗീകരിക്കേണ്ടിവരുന്ന കോൺഗ്രസ് തീരുമാനം നിർണായകമായി .
22 അംഗ ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന് 14 അംഗങ്ങളുണ്ട്. കോൺഗ്രസിന് എട്ടും കേരളാ കോൺഗ്രസിന് ആറും. കോൺഗ്രസ് പിന്തുണക്കുന്ന കേരള കോൺഗ്രസ് ഗ്രൂപ്പ് സ്ഥാനാർത്ഥിയാവും പ്രസിഡന്റാവുക. ഇതുവരെ കോൺഗ്രസ് തീരുമാനമെടുത്തിട്ടില്ല. ഇന്ന് രാവിലെ പാർലമെന്ററി പാർട്ടി കൂടി തീരുമാനിക്കുമെന്നാണ് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞത് .
കേരള കോൺഗ്രസ് ഗ്രൂപ്പ് തർക്കത്തിനിടയിൽ എട്ടു പേരുടെ പിന്തുണയുള്ള ഇടതു പക്ഷ സ്ഥാനാർത്ഥി അട്ടിമറി ജയം നേടുമോ അതോ തർക്കം തീരാത്ത സാഹചര്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെങ്ങാനും മത്സരിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
കാഞ്ഞിരപ്പള്ളി ഡിവിഷനിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിന് വോട്ട് ചെയ്യണമെന്ന വിപ്പ് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം നേരത്തേ നൽകിയിരുന്നു . ഈ വിപ്പ് നിലനിൽക്കില്ലെന്ന് പ്രഖ്യാപിച്ചാണ് കങ്ങഴ ഡിവിഷനിലെ അജിത്ത് മുതിരമലയ്ക്ക് വോട്ട് ചെയ്യണമെന്ന് ജോസഫ് വിപ്പ് നല്‍കിയത്.
അപ്രതീക്ഷിത നീക്കത്തിലൂടെ ജോസഫ് വിഭാഗം സജി മഞ്ഞകടമ്പിലിനെ ജില്ലാ പ്രസിഡന്റ് ആക്കുകയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയായി അജിത് മുതിരമലയെ പ്രഖ്യാപിക്കുകയുമായിരുന്നു,
ജോസ് പക്ഷക്കാരനായ സണ്ണിയുടെ വിപ്പിനു പകരം ജോസഫിന്റെ വിപ്പ് പാലിക്കുന്നത് അദ്ദേഹത്തെ ആക്ടിംഗ് ചെയർമാനായി അംഗീകരിക്കലാകും. ഇത് ജോസിനെ ചെയർമാനായി തിരഞ്ഞെടുത്തത് അംഗീകരിച്ചിട്ടില്ലെന്ന സൂചനയുമാകും. ജോസ് വിഭാഗത്തിന്റെ വിപ്പ് അംഗീകരിച്ചാൽ ജോസഫിന്റെ നേതൃത്വം ചോദ്യംചെയ്യപ്പെടും.
യു.ഡി.എഫ് ധാരണ പ്രകാരം അടുത്ത ഒന്നരവർഷം പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസിനാണ്.സെബാസ്റ്റ്യൻ നേരത്തേ ജോസഫ് വിഭാഗക്കാരനായിരുന്നു. ജോസ് പക്ഷത്തേക്ക് മാറിയതോടെയാണ് സെബാസ്റ്റ്യനെ പരാജയപ്പെടുത്താൻ ജോസിനൊപ്പം നിന്ന അജിത്തിനെ മറുകണ്ടം ചാടിച്ച് ജോസഫ് സ്ഥാനാർത്ഥിയാക്കിയത്.
കേരളാ കോൺഗ്രസ് ഭരണഘടന 16-ാം വകുപ്പ് പ്രകാരം ചിഹ്നം അനുവദിക്കുന്നതും വിപ്പു നൽകേണ്ടതും ജില്ലാ പ്രസിഡന്റാണെന്ന് ജോസ് വിഭാഗം നേതാക്കളായ സ്റ്റീഫൻ ജോർജും സണ്ണി തെക്കേടവും വിജി എം. തോമസും പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 15ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ യു.ഡി.എഫിൽ ആലോചിച്ച് അംഗങ്ങൾക്ക് വിപ്പ് നൽകിയതിനാൽ ജോസഫിന്റെ വിപ്പ് നിയമപരമായി നിലനിൽക്കില്ലെന്നും നേതാക്കൾ പറഞ്ഞു.