പാമ്പാടി : ദേശീയ പാതയിൽ മണർകാട് മുതൽ 14-ാം മൈൽ വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ വേഗനിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയ പാതയിൽ ഏറ്റവും അധികം അപകടങ്ങൾ നടന്നിരുന്ന മണർകാട് ബൈപ്പാസ് റോഡിൽ സിഗ്നൽ പാലിക്കാതെയാണ് ഇരുചക്രവാഹനങ്ങൾ സഞ്ചരിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. എട്ടാം മൈൽ ജംഗ്ഷനിൽ നിന്നും പയ്യപ്പാടി വെന്നിമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന റോഡിൽ വൈഗനിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കങ്ങളുണ്ട്. അപകടക്കെണികൾ ഏറെ ഉള്ള പ്രധാനപ്പെട്ട ജംഗ്ഷനാണ് കാളച്ചന്തയിലേത്. ഇരുചക്ര വാഹന യാത്രികരാണ് മിക്കവാറും ഇവിടെ അപകടത്തിൽ പെടുന്നത്. പാമ്പാടി -തോട്ടക്കാട് റോഡ് നവീകരണത്തിന്റെ ഭാഗമായി കാളച്ചന്ത ജംഗ്ഷനിലെ പാലം വീതി കൂട്ടിയതും റോഡിന്റെ നിരപ്പ് ഉയർത്തിയതും അപകടങ്ങൾ കുറക്കുന്നതിന് സഹായകമായെങ്കിലും ഇവിടെ ഹമ്പുകൾ സ്ഥാപിക്കണമെന്നാണ് നിലവിലുള്ള ആവശ്യം. ദേശീയ പാതയിൽനിന്നും എസ്.എൻ പുരം ഭാഗത്തേക്ക് തിരിയുന്ന എം.ജി.എം ജംഗ്ഷനിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ അപകടത്തിൽ പെട്ടിട്ടുണ്ട്. സീബ്രാ ലൈനുകൾ ഉണ്ടെങ്കിലും ഈ ഭാഗത്തെ വളവുകൾ ആണ് അപകടങ്ങളുടെ പ്രധാന കാരണം. നടപ്പാത ഇല്ലാത്തതും ഇവിടെ അപകടങ്ങൾക്ക് കാരണമാകുന്നു. ദേശീയ പാതയിലെ ഏറ്റവും തിരക്കുള്ള ജംഗ്ഷനായ ആലംപള്ളിയിൽ അപകടങ്ങൾ നിത്യസംഭവമാണ്. കറുകച്ചാൽ ഭാഗത്തേക്കും കുമിളി ഭാഗത്തേക്കും പോകുന്നതിനായി ഉള്ള റോഡുകളെ വേർതിരിക്കുന്ന ഡിവൈഡർ രാത്രി സമയം തിരിച്ചറിയാൻ പോലും പറ്റാത്ത സ്ഥിതിയാണ്. പതിനാലാം മൈൽ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം. ഇവിടെ കാത്തിരുപ്പ് കേന്ദ്രമില്ലാത്തതിലും യാത്രക്കാർക്ക് പരാതിയുണ്ട്.